അമേരിക്കയില്‍ ഒരു നഗരത്തിന്റെ പോലീസ് മേധാവിയായി മലയാളി
Sunday, July 25, 2021
കഴിഞ്ഞ 15 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന്റെ അടിസ്ഥാനത്തിലാണ് മൈക്കല്‍ കുരുവിളയെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പോലീസ് മേധാവിയായി തെരഞ്ഞെടുത്തത്.
അമേരിക്കയില്‍ ഒരു നഗരത്തിന്റെ പോലീസ് മേധാവി സ്ഥാനത്തെത്തി മലയാളികളുടെ അഭിമാനമായി യുവാവ്. അമേരിക്കയിലെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പോലീസ് മേധാവിയായാണ് മലയാളി മൈക്കല്‍ കുരുവിള ചുമതലയേറ്റത്.
കഴിഞ്ഞ 15 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന്റെ അടിസ്ഥാനത്തിലാണ് മൈക്കല്‍ കുരുവിളയെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പോലീസ് മേധാവിയായി തെരഞ്ഞെടുത്തത്. ഇതാദ്യമായാണ് ഒരു മലയാളി അമേരിക്കയില്‍ ഒരു നഗരത്തിന്റെ പോലീസ് മേധാവിയാവുന്നത്.
38കാരനായ ഇദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷമായി ഡെപ്യൂട്ടി പോലീസ് ചീഫായിരുന്നു. ഷിക്കാഗോയിലാണ് ജനിച്ചതെങ്കിലും മലയാളി പശ്ചാത്തലത്തില്‍ തന്നെയാണ് മൈക്കല്‍ കുരുവിള വളര്‍ന്നത്. കോട്ടയം സ്വദേശികളാണ് മാതാപിതാക്കള്‍. ഭാര്യ സിബില്‍ മലയാളിയാണ്.
ന്യൂയോര്‍ക്ക് പോലുള്ള വന്‍നഗരങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ മലയാളി പോലീസ് ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇതാദ്യമായാണ് അമേരിക്കയിലെ ഒരു നഗരത്തിന്റെ പോലീസ് തലപ്പത്ത് മലയാളി എത്തുന്നത്.
പൊതുജനത്തെ സംരക്ഷിക്കുകയാണ് തന്റെ പ്രധാന ദൗത്യമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പ്രതികരിച്ചു. നാല്‍പത് വയസില്‍ താഴെയുള്ളവര്‍ക്കുള്ള ‘പോലീസ് അണ്ടര്‍ 40’ അവര്‍ഡ് ജേതാക്കളിലൊരാളായി ഇന്റനാഷണല്‍ അസോസിയേഷന്‍ ഓഫ് പോലീസ് ചീഫ്സ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു