എറണാകുളം പിറവം ഇലഞ്ഞി കള്ളനോട്ട് കേസ് പ്രതികള്‍ക്ക് ബന്ധമെന്ന് പൊലീസ്
Wednesday, July 28, 2021
എറണാകുളം പിറവം ഇലഞ്ഞി കള്ളനോട്ട് കേസ് പ്രതികള്‍ക്ക് അന്യസംസ്ഥാന ബന്ധം. പ്രതി സുനില്‍ കുമാര്‍ ബംഗളൂരുവിലും കള്ളനോട്ട് അടിച്ചതായി പൊലീസ് പറയുന്നു. കള്ളനോട്ട് കേരളത്തിന് പുറത്തേക്ക് കടന്നതായി സൂചനയുണ്ട്. ഇന്നലെ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത് ഏഴുലക്ഷത്തില്‍പരം രൂപയാണ്. നേരത്തെ 15 ലക്ഷം അച്ചടിച്ചുവെന്ന് സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ത്ഥ തുക ഇതിലുമധികം ആയിരിക്കുമെന്നും പൊലീസ് പറയുന്നു. കള്ളനോട്ട് അച്ചടിക്കാനുള്ള പേപ്പറുകള്‍ കൊണ്ടുവന്നത് ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുമെന്നും സൂചനയുണ്ട്
ഇലഞ്ഞി പെരുംകുറ്റിയിൽ വീട് വാടകക്ക് എടുത്ത് കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ സംഘമാണ് കുടുക്കിയത്. സംഭവത്തില്‍ വണ്ടിപ്പെരിയാർ സ്വദേശികളായ ആനന്ദ്, സ്റ്റീഫന്‍, നെടുങ്കണ്ടം സ്വദേശി സുനിൽ, കോട്ടയം സ്വദേശി ഫൈസൽ, തൃശൂർ സ്വദേശി ജിബി എന്നിവര്‍ അറസ്റ്റിലായി. ഇവരുടെ കൂട്ടാളികളായ മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തതായി അറിയുന്നു.
സീരിയൽ നിർമ്മാണത്തിന് എന്നു പറഞ്ഞ് വീട് വാടകയ്ക്ക് എടുത്താണ് സംഘം കള്ളനോട്ട് അടിക്കുന്നതിന് സൗകര്യം ഒരുക്കിയത്. നോട്ട് എണ്ണുന്ന മെഷീൻ, പ്രിന്റര്‍, നോട്ട് അടിക്കുന്ന പേപ്പർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. നോട്ട് ഫോട്ടോ കോപ്പി എടുത്ത ശേഷം സ്ക്രീൻ പ്രിന്റ് ചെയ്താണ് നോട്ട് നിർമ്മിച്ചിരുന്നത്. ഇലഞ്ഞി പിറവം റോഡിൽ പെരും കുറ്റി മരിയാലയം റോഡിലെ വിജനമായ പ്രദേശത്തെ ഇരുനില വീട്ടിലാണ് സംഘം വാടകയ്ക്ക് കഴിഞ്ഞിരുന്നത്. ഒൻപത് മാസം മുമ്പാണ് ആറ് പേരടങ്ങുന്ന സംഘം ഇവിടെ വാടകയ്ക്ക് വീട് എടുത്തത്.