എസ്‌ഐ പറഞ്ഞത് വളരെ മോശം വാക്ക്; അര്‍ത്ഥം നിഘണ്ടുവില്‍ പോയി നോക്കാനും നിര്‍ദേശം; ഇനിയും പ്രതികരിക്കുമെന്ന് ഗൗരിനന്ദ
Tuesday, July 27, 2021
കൊല്ലം ചടയമംഗലം എസ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പെറ്റിയടി വിവാദത്തില്‍ പൊലീസിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയായ ഗൗരിനന്ദ. വളരെ മോശം അനുഭവമാണ് പൊലീസില്‍ നിന്ന് നേരിടേണ്ടി വന്നതെന്നും പറയാന്‍ പറ്റാത്ത ഒരു മോശം വാക്കാണ് എസ്‌ഐ തന്നോട് പറഞ്ഞതെന്നും ഗൗരിനന്ദ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ഗൗരി പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍: ”ആ പൊലീസുകാരില്‍ നിന്ന് മോശമായ അനുഭവമുണ്ടായത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്. മോശമായാണ് എസ്‌ഐ സംസാരിച്ചത്. എന്നോട് കൂടുതല്‍ സംസാരിക്കേണ്ടെന്ന് പറഞ്ഞു. ബഹുമാനത്തോടെയാണ് ഞാന്‍ സംസാരിച്ചത്, അത് എനിക്ക് തിരിച്ച് കിട്ടണമെന്ന് ഞാനും പറഞ്ഞു. മോശമായ ഒരു വാക്ക് എന്നോട് പറയാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍, നിഘണ്ടുവില്‍ പോയി അര്‍ത്ഥം നോക്കാനാണ് എസ്‌ഐ പറഞ്ഞത്. പെണ്‍കുട്ടിയായി പോയി, നീയൊരു ആണായിരുന്നെങ്കില്‍ പിടിച്ചുതള്ളുമായിരുന്നെന്നും എസ്‌ഐ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് അമിതാധികാരം പ്രയോഗിക്കുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ സമീപത്ത് തന്നെ ഒരു പാര്‍ട്ടിയുടെ ജാഥയും നടക്കുന്നുണ്ടായിരുന്നു. അവര്‍ക്കെതിരെ എന്തേ നടപടിയില്ലേ എന്ന് ചോദിച്ചപ്പോള്‍ എന്നെ പഠിപ്പിക്കാന്‍ നില്‍ക്കേണ്ട, അത് ഞാന്‍ തീരുമാനിക്കുമെന്നാണ് പൊലീസ് പറഞ്ഞത്.”
ഇന്നലെ പകല്‍ ചടയമംഗലത്തായിരുന്നു സംഭവം നടന്നത്. തിരക്കുള്ള സമയത്ത് ബാങ്കില്‍ ഇടപാടിനെത്തിയ ഒരു മുതിര്‍ന്ന വ്യക്തിക്ക് സാമൂഹിക അകലം പാലിച്ചില്ലെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കി. ചടയമംഗലം എസ്‌ഐയുടെ നേതൃത്വത്തില്‍ തിരക്ക് നിയന്ത്രിക്കാനെത്തിയ സംഘമാണ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് നോട്ടീസ് നല്‍കിയ വ്യക്തിയും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ സമയം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയ ഗൗരി വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്കും പൊലീസ് നോട്ടീസ് നല്‍കി. ഇതോടെ വാക്കുതര്‍ക്കം പൊലീസുകാരും പെണ്‍കുട്ടിയും തമ്മിലായി.
സാമൂഹിക അകലം പാലിക്കാത്തതിനാണ് നോട്ടീസ് നല്‍കുന്നതെങ്കില്‍ പൊലീസിന് എന്തുകൊണ്ട് നോട്ടീസ് നല്‍കുന്നില്ലെന്ന് ഗൗരി ചോദിച്ചു. നോട്ടീസ് കൈപറ്റാനും ഗൗരി തയ്യാറായില്ല. ഇതോടെയാണ് പെണ്‍കുട്ടിക്കെതിരെ കേസെടുക്കുന്ന നടപടിയിലേക്ക് പൊലീസ് കടന്നത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഗൗരി.