കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാല് പ്രധാന പ്രതികള്‍ പിടിയില്‍. ബിജു കരീം, ബിജോയ്, സുനിൽകുമാർ, ജിൽസ് എന്നിവരാണ് പിടിയിലായത്
Sunday, July 25, 2021
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാല് പ്രധാന പ്രതികള്‍ പിടിയില്‍. ബിജു കരീം, ബിജോയ്, സുനിൽകുമാർ, ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ നഗരത്തിൽ നിന്നാണ് ഇവർ പിടിയിലായത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സുനിൽ കുമാർ സെക്രട്ടറിയും ആയിരുന്നു. ജിൽസ് ആയിരുന്നു ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റ്, ബിജോയ് കമ്മീഷൻ ഏജന്റായിരുന്നു.
തൃശ്ശൂർ അയ്യന്തോളിലെ ഫ്ലാറ്റില്‍ ഒളിവില്‍ താമസിക്കവെയാണ് പ്രതികള്‍ പിടിയിലാവുന്നത്. കോടികളുടെ ബാങ്ക് തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾ പിന്നീട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നിർത്തിയിരുന്നു. ഇതും പ്രതികളെ കണ്ടെത്താന്‍ വെെകി. ബിജു കരീമും, ബിജോയുമാണ് മുഖ്യസൂത്രധാരന്മാര്‍ എന്നാണ് വിവരം. ഇനി രണ്ട് പേർ കൂടിയാണ് പിടിലാകാനുള്ളത്. ഇവർക്ക് പങ്കാളിത്തമുള്ള സൂപ്പർ മാർക്കറ്റിന്റെ അക്കൗണ്ടന്റായ റെജി അനിൽകുമാറും, കിരണുമാണ് ഇത്. രാവിലെ 10: 30 മുതൽ പ്രതികളുടെ വീടുകളിൽ റെയ്ഡ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രതികളുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ചും തട്ടിപ്പുമായ ബന്ധമുള്ള രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിയിലായവരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഭരണസമിതിയംഗങ്ങളിൽ നിന്നും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. ബാങ്ക് ഡയറക്ടർമാരോട് നേരിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. മുൻ ഭരണസമിതിയുടെ കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. എന്നാൽ ആ ഭരണസമിതിയുടെ കാലത്തെ മൂന്ന് പേർ നിലവിൽ ഉണ്ടായിരുന്ന ഭരണസമിതിയിലുമുണ്ട്. ഇവരാണ് പരാതി നൽകിയത്. ഭരണസമിതിയുടെ അറിവില്ലാതെ വായ്പകൾ അനുവദിക്കാനാവില്ലെന്നാണ് ചട്ടം.
ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. 46 പേരുടെ ആധാരം ഉപയോഗപ്പെടുത്തിയാണ് വൻ തട്ടിപ്പ് നടത്തിയത്. ക്രമക്കേട് നടന്നതായി പരാതി വന്നതിനെ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയത്. പിന്നാലെ സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലും തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. മുകുന്ദപുരം അസി. രജിസ്ട്രാർ അജിത്താണ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ. സഹകരണ രജിസ്ട്രാറുടേതാണ് നടപടി. കേസിലെ പ്രതികളിൽ മൂന്ന് പേരെയും സിപിഐ(എം) പുറത്താക്കിയിട്ടുണ്ട്. ആറ് ഭരണസമിതി അംഗങ്ങളിൽ നിന്ന് വിശദീകരണവും തേടി.