മക്കളെ നോക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നഴ്‌സായ ഭാര്യ സഹോദരിയെ മുഖത്തടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
Sunday, July 25, 2021
മക്കളെ നോക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നഴ്‌സായ ഭാര്യ സഹോദരിയെ മുഖത്തടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കടക്കരപ്പള്ളി അഞ്ചാം വാര്‍ഡില്‍ പുത്തന്‍കാട്ടില്‍ രതീഷ് (ഉണ്ണി- 35) ആണ് പിടിയിലായത്. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ തളിശ്ശേരിതറ ഉല്ലാസ് – സുവര്‍ണ ദമ്പതികളുടെ മകളും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്‌സുമായ ഹരികൃഷ്ണയാണ് (25) കൊല്ലപ്പെട്ടത്.
വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് രതീഷ്. ഹരികൃഷ്ണയുടെ ജ്യേഷ്ഠസഹോദരി നീതുവിന്റെ ഭര്‍ത്താവാണ് രതീഷ്. രതീഷും ഹരികൃഷ്ണയും തമ്മില്‍ പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേര്‍ത്തല തങ്കി കവലയില്‍ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാല്‍ വീട്ടിലുണ്ടായിരുന്നില്ല. ഏഴും ഒന്‍പതു മാസവും പ്രായമുള്ള മക്കള്‍ രതീഷിന്റെ കുടുംബവീട്ടിലുമായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ശേഷമായിരുന്നു കൊലപാതകം.
വെള്ളിയാഴ്ച രാത്രിയില്‍ വീട്ടിലെത്തിയ ഹരികൃഷ്ണയും രതീഷും തമ്മില്‍ വഴക്കുണ്ടായി. മറ്റൊരു യുവാവുമായുള്ള ബന്ധമായിരുന്നു കാരണം. തര്‍ക്കത്തിനിടെ രതീഷിന്റെ അടി മുഖത്തേറ്റ് ഹരികൃഷ്ണ തലയടിച്ച് നിലത്തുവീണു. പിന്നീട് വിരലുകൊണ്ട് മൂക്കമര്‍ത്തി രതീഷ് മരണം ഉറപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മുറ്റത്തേക്ക് മൃതദേഹം വലിച്ചിറക്കിയെങ്കിലും മഴ പെയ്തതോടെ തിരികെ വീട്ടിലേക്ക് വലിച്ചുകയറ്റിയ ശേഷം രതീഷ് മുങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടര കഴിഞ്ഞിട്ടും ഹരികൃഷ്ണ വീട്ടിലെത്താതായതോടെയാണ് ബന്ധുക്കള്‍ അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് ഹരികൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രതീഷിന്റെ അടച്ചിട്ടിരുന്ന വീടു തുറന്നതോടെയാണ് ഹരികൃഷ്ണയെ കിടപ്പുമുറിയോടു ചേര്‍ന്ന മുറിയില്‍ തറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹരികൃഷ്ണയുടെ ചുണ്ടില്‍ ചെറിയ മുറിവും തലയ്ക്ക് പിന്നില്‍ ക്ഷതവുമുണ്ടായിരുന്നു. ചെരുപ്പുധരിച്ച നിലയിലുള്ള മൃതദേഹത്തിന്റെ വസ്ത്രത്തിലും ശരീരത്തിന്റെ പലഭാഗത്തു മണല്‍ പുരണ്ടിരുന്നതായി കണ്ടെത്തി.
കൊലപാതകത്തിന് പിന്നാലെ ഒളിവില്‍പ്പോയ രതീഷിനെ ഇന്നലെ വൈകിട്ട് ഏഴു മണിയോടെ പോലീസ് പിടികൂടി. ഇയാള്‍ കൊലപാതകക്കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കും.