Type Here to Get Search Results !

പീഡനപരാതി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ആരോപണം പെരുപ്പിച്ച് കാണിച്ചുവെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍


 കുണ്ടറ പീഡനപരാതി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ആരോപണം പെരുപ്പിച്ച് കാണിച്ചുവെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. വിഷയത്തില്‍ പാര്‍ട്ടി റിപ്പോര്‍ട്ട് ലഭിച്ചതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു. റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് കൈമാറിയെന്നും എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് ശരദ് പവാറിന്റെ നിലപാടെന്നും പി സി ചാക്കോ വ്യക്തമാക്കി.


എ കെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം കണക്കിലെടുക്കുന്നില്ലെന്നും എന്‍ സി പി നിലപാട് സിപിഐഎം നേതൃത്വത്തെ അറിയിച്ചെന്നും പറഞ്ഞ പിസി ചാക്കോ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.

പരാതി ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനോട് മുഖ്യമന്ത്രി രാജിയാവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയിക്കുള്ളിലെ തര്‍ക്കം തീര്‍ക്കാനാണ് ഇടപെട്ടതെന്നാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്ന വിശദീകരണം. തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി ശ്രദ്ധയോടെ കേട്ടിട്ടുണ്ടെന്നും ക്ലിഫ് ഹൗസില്‍ നിന്നും മടങ്ങിയശേഷം ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പരാതി മന്ത്രി ഒതുക്കിയെന്ന ആക്ഷേപം നിലനില്‍ക്കില്ലെന്നാണ് വിഷയത്തില്‍ പൊലീസിന് കിട്ടിയിരിക്കുന്ന നിയമപോദേശം. എന്നാല്‍ ശശീന്ദ്രന് പിന്തുണ നല്‍കുമ്പോഴും പരാതിക്കാരി മന്ത്രിക്കെതിരായ നിലപാടിലുറച്ച് കോടതിയെ സമീപിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതവും പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.