പ്രസവശേഷം യുവതി മരിച്ചതില്‍ ആശുപത്രിക്കെതിരെ ആരോപണം ശക്തമാകുന്നു. പേയാട് ചെറുകോട് പ്രയാഗില്‍ പ്രമോദ് ചന്ദ്രന്റെയും ജയശ്രീയുടെയും മകളും ബാലരാമപുരം കണ്ണറവിള സ്വദേശി ഷൈനുവിന്റെ ഭാര്യയുമായ ഗായത്രി ചന്ദ്രന്‍ (27) ആണ് മരിച്ചത്.
ഗായത്രിയുടെ മരണം അനാസ്ഥ മൂലമാണെന്നും, ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് പ്രമോദ് ചന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി. 9 മാസം ഗര്‍ഭിണിയായ ഗായത്രിയെ വയറുവേദന അനുഭവപ്പെട്ടതിനാല്‍ 19 ന് വൈകിട്ടാണ് പതിവായി കാണിച്ചിരുന്ന ശാസ്തമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ രാത്രി 9 ന് ബോധരഹിതയാകുന്നതു വരെ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നു പരാതിയില്‍ പറയുന്നു. 9.30ന് ഓപ്പറേഷന്‍ തീയ്യേറ്ററില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ 12 മണിയോടെ ഗായത്രിയുടെ നില ഗുരുതരമാണെന്നും എസ്എടി ആശുപത്രിയില്‍ എത്തിക്കണമെന്നും അറിയിച്ചു.
എസ്എടിയില്‍ കൊണ്ടുവന്നെങ്കിലും വെന്റിലേറ്റര്‍ ഇല്ലായിരുന്നു. തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി 10.30 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞ് ആരോപണവിധേയമായ ആശുപത്രിയില്‍ സുരക്ഷിതയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വീട്ടുകാര്‍ക്കു കിട്ടിയ വിവരം. സ്ഥിരമായി കാണിച്ചിരുന്ന ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥയാണ് മകളുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നും പിതാവ് ആരോപിച്ചു.