കോവിഡ് നിയന്ത്രണങ്ങള്‍ മാന്യമായ രീതിയില്‍ നടപ്പാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ മുന്നറിയിപ്പ്
Wednesday, August 04, 2021
കോവിഡ് നിയന്ത്രണങ്ങള്‍ മാന്യമായ രീതിയില്‍ നടപ്പാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ മുന്നറിയിപ്പ്. സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്, ട്രാഫിക്ക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടിവരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ട് പെരുമാറാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു.
കോവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.
അതേസമയം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ലോക്ഡൗണ്‍ രീതിയിലും നിയന്ത്രണങ്ങളുടെ ഘടനയിലും മാറ്റം വരുത്താന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിതല സമിതിയുടെ ഉള്‍പ്പെടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വാരാന്ത്യ ലോക്ഡൗണ്‍ ഞായര്‍ മാത്രമാക്കി. ഇതോടെ ശനിയാഴ്ച ഉള്‍പ്പെടെ ആറ് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കടകളുടെ പ്രവര്‍ത്തന സമയവും ദീര്‍ഘിപ്പിക്കും. സ്വാതന്ത്ര്യദിനം, അവിട്ടം എന്നീ ദിവസങ്ങള്‍ ഞായറാഴ്ച ആയതിനാല്‍ അന്നേ ദിവസസങ്ങളില്‍ ലോക്ഡൗണ്‍ ഒഴിവാക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിലവിലെ രീതി മാറ്റി. ഇനി മുതല്‍ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍. ഒരാഴ്ചയിലെ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മേഖലതിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
ആയിരം പേരില്‍ എത്ര രോഗികള്‍ എന്ന കണക്കില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ വിവിധ മേഖലകളില്‍ നിന്ന് രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിക്ക് മാറ്റം വരുത്തുന്നത്.