Type Here to Get Search Results !

അച്ഛനെയും മകളെയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, ഞെട്ടല്‍ മാറാതെ അമ്മ


അച്ഛനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിനു സമീപം താമസിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം റിട്ട.ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (കമ്യൂണിക്കേഷന്‍) ഒയാസിസില്‍ ആവത്താന്‍ വീട്ടില്‍ പീതാംബരന്‍ (61), മകള്‍ ശാരിക (31) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ചയായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിനു ശേഷം പീതാംബരന്റെ ഭാര്യ പ്രഭാവതിയാണ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മകളെ കണ്ടത്. ഇക്കാര്യം ഭര്‍ത്താവിനോടു പറയാനായി തൊട്ടടുത്ത കിടപ്പുമുറിയില്‍ ചെന്നെങ്കിലും മുറി അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു.

പ്രഭാവതി നിലവിളിച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തി മുറിയുടെ വാതില്‍ ചവിട്ടി തുറന്നപ്പോള്‍ പീതാംബരനെയും ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശാരിക വര്‍ഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശാരികയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫറോക്ക് അസി. കമ്മിഷണര്‍ എ.എം.സിദ്ദിഖ്, ഇന്‍സ്‌പെക്ടര്‍ ജി.ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു. മറ്റൊരു മകന്‍ പ്രജിത്ത് (ഐടി എന്‍ജിനീയര്‍, ബെംഗളൂരു). മരുമകള്‍: ശ്രുതി (ഐടി എന്‍ജിനീയര്‍ ബെംഗളൂരു).