Type Here to Get Search Results !

ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തില്‍ രണ്ടു വ്യക്തഗത മെഡലുകള്‍ നേടുന്ന ആദ്യ വനിതാ താരമായി സിന്ധു



സ്വര്‍ണപ്രതീക്ഷകള്‍ തകര്‍ന്നെങ്കിലും ടോക്യോയിലെ ഒളിമ്പിക് വേദിയില്‍ നിന്ന് ഇന്ത്യക്കായി ഒരു വെങ്കലപ്പതക്കം സ്വന്തമാക്കി ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പിവി സിന്ധു. ഇന്നു നടന്ന ലൂസേഴ്സ് ഫൈനലില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തുരത്തിയാണ് സിന്ധു വെങ്കലമണിഞ്ഞത്.

21-13, 21-15, എന്ന സ്‌കോറിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. വെങ്കലനേട്ടത്തോടെ ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തില്‍ രണ്ടു വ്യക്തഗത മെഡലുകള്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി. ചൈനീസ് താരത്തിനെതിരേ ആധികാരിക ജയമായിരുന്നു സിന്ധു നേടിയത്. കഴിഞ്ഞ ദിവസം സെമിയില്‍ ദക്ഷിണകൊറിയന്‍ താരത്തോടു വരുത്തിയ പിഴവുകള്‍ക്കെല്ലാം പരിഹാരം കാണുന്ന തരത്തില്‍ മികച്ച ഗെയിം കെട്ടഴിച്ച സിന്ധു 25 മിനിറ്റിനുള്ളിലാണ് മത്സരം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോടു നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു സെമിയില്‍ തോല്‍വി സമ്മതിച്ചത്. 18-21, 12-21 എന്ന സ്‌കോറിനാണ് തായ്പേയ് താരം ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുടച്ചത്.

മത്സരത്തിന്റെ ആദ്യ സര്‍വ് മുതല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ച തായ്പേയ് താരം ഒരു ഘട്ടത്തിലും സിന്ധുവിന് മേല്‍കൈ നല്‍കാന്‍ തയാറായില്ല. കഴിഞ്ഞ മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച സിന്ധുവിനെതിരേ വ്യക്തമായ ഗെയിം പ്ലാനോടെയാണ് തായ്പേയ് താരം ഇറങ്ങിയത്.