Type Here to Get Search Results !

സീനിയോറിറ്റിയെ ചൊല്ലി വനിതാ എസ്‌ഐമാർ പരാതിക്കാരുടെ മുന്നിൽ വെച്ച് ഏറ്റുമുട്ടി; ഒരാൾ കൈയ്യൊടിഞ്ഞ് ചികിത്സയിൽ


കൊട്ടാരക്കരയിൽ സീനിയോറിറ്റിയേയും സ്ഥലംമാറ്റത്തേയും ചൊല്ലി വനിതാ സെല്ലിൽ സബ്ബ് ഇൻസ്‌പെക്ടർമാർ ഏറ്റുമുട്ടിയത് പോലീസിന് നാണക്കേടായി. ഒരു എസ്‌ഐ കൈയ്ക്കു പരിക്കേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

സീനിയോറിറ്റിയെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിനു കാരണമായത്. വനിതാ സെൽ ചുമതലയുണ്ടായിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ വിരമിച്ചപ്പോൾ സെല്ലിന്റെ ചുമതല ലഭിച്ച എസ്‌ഐയും ഇവിടെ നിന്നും കുറച്ചുമുമ്പ് സ്ഥലം മാറി പോയി ഇപ്പോൾ തിരിച്ചെത്തിയ മറ്റൊരു എസ്‌ഐയുമാണ് ഏറ്റുമുട്ടിയത്. ഇരുവരും സീനിയോറിറ്റിയെച്ചൊല്ലി തർക്കം പതിവായിരുന്നെന്നാണ് സഹപ്രവർത്തകർ പറയുന്നത്. പലപ്പോഴും ഇതേച്ചൊല്ലി വാക്കുതർക്കം നടന്നിരുന്നതായും സഹപ്രവർത്തകർ പറയുന്നു.

കൂടാതെ ഒരാൾക്കെതിരേ മറ്റൊരാൾ ഡിജിപിക്ക് പരാതിയും നൽകിയിരുന്നു. പരാതിക്കാരോട് മോശമായി പെരുമാറുന്നു, ക്രമക്കേടുകൾ കാട്ടുന്നു തുടങ്ങിയവ ആയിരുന്നു പരാതിയിലെ ആരോപണങ്ങൾ. ഇതിനിടെ സ്റ്റേഷനിലെ ഇരിപ്പിടത്തെ ചൊല്ലി കഴിഞ്ഞ ദിവസം നടന്ന വാക്കുതർക്കം കൈയാങ്കളിയിലേക്കു കടക്കുകയായിരുന്നു.

പരാതിക്കാരുൾപ്പെടെ ഓഫീസിലുള്ളപ്പോഴായിരുന്നു അസഭ്യം വിളികളോടെ ഇരുവനിതാ എസ്‌ഐമാരും ഏറ്റുമുട്ടിയത്. മൽപ്പിടിത്തത്തിനിടെ സെൽ ചുമതലയുള്ള എസ്‌ഐയുടെ കൈയ്ക്കു പരിക്കേൽക്കുകയായിരുന്നു. കൈയ്ക്ക് പൊട്ടൽ സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടി.