Type Here to Get Search Results !

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് പരിപൂര്‍ണ്ണ സഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യ സ്‌കോളര്‍ഷിപ്പ് ന് ഇപ്പോള്‍ അപേക്ഷിക്കാം


സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിലേയ്ക്കായി പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേയ്ക്ക് 2021-22 വര്‍ഷത്തേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അംഗീകൃത സര്‍വകലാശാല ബിരുദമാണ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. ഇവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. പ്രായപരിധി 01.08.2021 ല്‍ 20 മുതല്‍ 36 വയസ് ഉള്ളില്‍ ആയിരിക്കണം. പട്ടികജാതി വികസന വകുപ്പിന്റെ കീഴിയില്‍ തിരുവനന്തപുരത്ത് മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിനായി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

2021-22 വര്‍ഷത്തില്‍ 30 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നത്. ഇതില്‍ അഞ്ച് സീറ്റ് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് അവര്‍ തെരഞ്ഞെടുക്കുന്ന മികച്ച സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരമുള്ള ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ ചെലവുകള്‍ക്ക് വിധേയമായി ലഭിക്കുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. ഐസിഎസ്ഇറ്റിഎസ് പ്രിന്‍സിപ്പലിന്റെ പരിശോധനയുടെയും പഠന പുരോഗതി സംബന്ധിച്ച വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ച് നല്‍കുന്നതാണ്.

കോഴ്‌സ് ഫീ : പരമാവധി ഒരു ലക്ഷം രൂപ വരെ

ഹോസ്റ്റല്‍ ഫീ, സ്റ്റൈപന്റ് : പ്രതിമാസം 5000+1000 (പരമാവധി പത്ത് മാസം)

ടെസ്റ്റ് സീരിസ്, മെയിന്‍സ് എഴുത്തു പരീക്ഷാ പരിശീലനം: 10,000 രൂപ വീതം

ബുക്ക് കിറ്റ് അലവന്‍സ്: 5,000 രൂപ

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കി പ്രവേശന പരീക്ഷ നടത്തും. കൊവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കാലകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പരീക്ഷ നടത്തുക. ഐസിഎസ്ഇറ്റിഎസിന്റെ വെബ്‌സൈറ്റായ www.icsets.org മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. 16.08.2021 വൈകുന്നേരം അഞ്ചു മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

പൂര്‍ണ്ണമല്ലാത്തതോ അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യാത്തതോ ആയ അപേക്ഷകള്‍ തള്ളിക്കളയും. നിലവില്‍ ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതി മുഖേന പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കണ്ടതില്ലെന്ന് അധികൃതര്‍ അറിയിക്കുന്നു. പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡും അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അറിയിപ്പും അപേക്ഷയില്‍ രേഖപ്പെടുത്തിയ ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. ഇതു സംബന്ധിച്ച മറ്റു തരത്തിലുള്ള അറിയിപ്പ് ലഭ്യമാക്കുന്നതല്ല. പ്രവേശന പരീക്ഷയും തുടര്‍ന്നുള്ള അഭിമുഖവും സംബന്ധിച്ചുള്ള അറിയിപ്പുകള്‍ക്ക് വെബ്‌സൈറ്റ് പരിശോധിക്കേണ്ടതാണ്. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പരിലോ ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.