Type Here to Get Search Results !

പ്രശസ്ത സംഗീതജ്ഞയും ഗായികയുമായ കല്യാണി മേനോൻ(70) ചെന്നൈയിൽ വെച്ച് അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചെന്നെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു


 പ്രശസ്ത സംഗീതജ്ഞയും ഗായികയുമായ കല്യാണി മേനോൻ(70) ചെന്നൈയിൽ വെച്ച് അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചെന്നെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോളേജ് പഠനകാലത്ത് സിനിമാപിന്നണി ഗാന രംഗത്തെത്തി അസുഖബാധിതയാകും വരെ സജീവമായി സംഗീത ലോകത്തുണ്ടായിരുന്നു കല്യാണി മേനോൻ.


ഈയടുത്ത് ഹിറ്റായ തമിഴ് ചിത്രം 96-ലെ ഗോവിന്ദ് വസന്ത ഈണമിട്ട കാതലെ കാതലെ എന്ന ഗാനം ഒന്നു മൂളുക പോലും ചെയ്യാത്ത സംഗീത പ്രേമി ഉണ്ടാകില്ല. ചിന്മയിക്കൊപ്പം ഈ ഗാനത്തിന് ജീവൻ നൽകിയ കല്യാണി മേനോന്റെ വിയോഗ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് സംഗീത ലോകം. ഋതുഭേദ കൽപന, ജലശയ്യയിൽ, പവനരച്ചെഴുതുന്നു തുടങ്ങിയവയാണ് മറ്റ് പ്രശസ്ത ഗാനങ്ങൾ. തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.

മംഗളം നേരുന്നു എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ ‘ഋതുഭേദ കൽപന ചാരുത നൽകിയ’, വിയറ്റ്‌നാം കോളനിയിലെ ‘പവനരച്ചെഴുതുന്നു’, മൈ മദേഴ്‌സ് ലാപ്‌ടോപ്പ് എന്ന ചിത്രത്തിലെ ‘ജലശയ്യയിൽ’, മുല്ലവള്ളിയും തേൻമാവും എന്ന ചിത്രത്തിലെ ‘നിനക്കും നിലാവിൽ’ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

എറണാകുളം കാരയ്ക്കാട്ടു മാറായിൽ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണിക്കുട്ടി കലാലയ യുവജനോത്സവത്തിലൂടെയാണ് സംഗീതലോകത്തേക്ക് വരുന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ മകനാണ്. രാജീവ് മേനോന്റെ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഐശ്വര്യ റായിയുടെ കഥാപാത്രത്തിന്റെ സംഗീത അധ്യാപികയുടെ വേഷമാണ് ചെയ്തത്.

2018ൽ പുറത്തിറങ്ങിയ 96 ആണ് അവസാന ചിത്രം. എംആർ ശിവരാമൻ നായരുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച കല്യാണി മേനോൻ 1973ൽ തോപ്പിൽ ഭാസിയുടെ ‘അബല’യിൽ പാടിയാണു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രാമു കാര്യാട്ടിന്റെ ദ്വീപ് (1977) എന്ന ചിത്രത്തിൽ എം.എസ്. ബാബുരാജ് സംഗീതം നൽകിയ ‘കണ്ണീരിൻ മഴയത്തും’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടി.

ചെന്നൈയിൽ ജോലി നോക്കിയിരുന്ന കല്യാണി മേനോൻ കെ ബാലാജിയുടെ നല്ലതൊരു കുടുംബം (1979) എന്ന ചിത്രത്തിലെ ഇളയരാജ കമ്പോസ് ചെയ്ത ‘സെവ്വനമെ പൊൻമേഘമെ’ എന്ന ഗാനത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1980കളുടെ തുടക്കത്തിൽ കല്യാണി ബാലാജിയുടെ ചില ചിത്രങ്ങളിൽ പാടി. സുജാതയിലെ (1980) ‘നീ വരുവൈയെന’ , സവാൽ (1981) ലെ’തന്നിയ പൊട്ട സന്തോഷം പിറക്കും’, വാഴ്‌വെയ് മായം ( 1982) ‘എയ് രാജാവെ ഉൻ രാസാത്തി’, വിധി (1984) യിലെ ‘വിധി വരയൻപാധായി വാഴി’. മൂക്കുതി മീൻഗൽ എന്ന റീലിസ് ചെയ്യാത്ത സിനിമയിലെ ‘തെറിൽ വന്താൽ ദേവദൈ’ എന്ന ഗാനവും ഏറെ പ്രശസ്തമാണ്.

1990കൾ മുതൽ എആർ റഹ്മാനുമായി ചേർന്ന് ആൽബങ്ങൾ ചെയ്തു. 1995ൽ പുതിയ മന്നർഗൾ എന്ന ചിത്രത്തിൽ ‘വാടി സാത്തുകുടി’ 1995ൽ രജനികാന്ത് അഭിനയിച്ച മുത്തു, മണിരത്‌നം സംവിധാനം ചെയ്ത അലെയ്പായുതെയുടെ ടൈറ്റിൽ ട്രാക്ക്, പാർതാലെ പരവസം (2001) സിനിമയിലെ ‘അധിസയാ തിരുമണം’ എന്ന ഗാനവും ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകൾക്ക് വേണ്ടിയും കല്യാണി മേനോൻ പാടി.