Type Here to Get Search Results !

ന്യൂസിലന്‍ഡിനെതിരായ ട്വന്റ20പരമ്പരയിൽ ഇന്ത്യക്ക് തകർപ്പൻ ജയം


ന്യൂസിലന്‍ഡിനെതിരായ ട്വന്റ20പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് സ്‌കോര്‍ ചെയ്തു.


ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും നല്‍കിയ മികച്ച തുടക്കം മധ്യനിര തുലച്ചെങ്കിലും വാലറ്റത്തിലെ ചെറു വെടിക്കെട്ടുകള്‍ ഇന്ത്യയെ നല്ല സ്‌കോറിലെത്തിക്കുകയായിരുന്നു. 31 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം അര്‍ദ്ധ ശതകം കുറിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (56) ഇഷാന്‍ കിഷനും (29, ആറ് ബൗണ്ടറി) ഇന്ത്യക്ക് ഉശിരന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 6.2 ഓവറില്‍ 69 റണ്‍സ് വാരി. എന്നാല്‍ കിഷനു പിന്നാലെ സൂര്യകുമാര്‍ യാദവും (0) ഋഷഭ് പന്തും (4) വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ശ്രേയസ് അയ്യരും (25) വെങ്കടേഷ് അയ്യരും (20) പെട്ടൊന്നൊരു തകര്‍ച്ച ഒഴിവാക്കിയെങ്കിലും ഇന്ത്യയുടെ റണ്‍നിരക്ക് താഴേക്കുപോയി.

പക്ഷേ, ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തില്‍ ഹര്‍ഷല്‍ പട്ടേല്‍ (18, രണ്ട് ഫോര്‍, ഒരു സിക്‌സ്), ദീപക് ചഹാര്‍ (8 പന്തില്‍ 21, രണ്ട് ഫോര്‍, ഒരു സിക്‌സ്) നടത്തിയ ആക്രമണ ബാറ്റിംഗ് ഇന്ത്യന്‍ സ്‌കോറിന് കുതിപ്പേകി. കിവികള്‍ക്കായി മൂന്ന് വിക്കറ്റ് പിഴുത താത്കാലിക നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ വേറിട്ട പ്രകടനം പുറത്തെടുത്തു. ട്രെന്റ് ബൗള്‍ട്ട്, ആദം മില്‍നെ, ഇഷ് സോധി, എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ചേസ് ചെയ്ത ന്യൂസിലന്‍ഡ് ബാറ്റര്‍മാരില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (51) മാത്രമേ പൊരുതിയുള്ളു. ഡാരല്‍ മിച്ചല്‍ (5), മാര്‍ക്ക് ചാപ്മാന്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (0) ടീം സെയ്ഫര്‍ട്ട് (17), ജയിംസ് നീഷം (3) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ന്യൂസിലന്‍ഡ് പരാജയം ഉറപ്പിച്ചു. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ മൂന്നും ഹര്‍ഷര്‍ പട്ടേല്‍ രണ്ടും വീതം വിക്കറ്റ് കൊയ്തു. ദീപക് ചഹാര്‍, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ ഇരകളെ വീതം കണ്ടെത്തി.
രണ്ടാം പകുതിയിൽ 17.2 ഓവറിലാണ് ഇന്ത്യ 73 റൺസിന് ന്യൂസ് ലാൻഡിനെ തോൽപ്പിച്ചത്