വീട്ടമ്മയുടെ ഫോൺ രേഖകൾ അനധികൃതമായി ചോർത്തിയ അസി: കമ്മീഷണർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശന് എതിരെയാണ് അന്വേഷണം. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്‍പി രാഹുൽ ആർ നായർ കേസ് അന്വേഷിക്കും
തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺ രേഖകൾ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശനൻ തന്റെ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്നാണ് പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതി. ഫോണ്‍ രേഖകള്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി അപമാനിക്കാൻ ശ്രമിച്ചെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. വീട്ടമ്മയുടെ ഭർത്താവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അസിസ്റ്റന്റ് കമ്മീഷണർ. ഭർത്താവ് ചോദിച്ചത് പ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇദ്ദേഹം രേഖകൾ ചോർത്തി നൽകിയത്
കേസിൽ വിശദമായ അന്വേഷണം നടത്തിയ മലപ്പുറം എസ്‌പി കഴിഞ്ഞ ദിവസമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. കുറ്റാരോപിതനായ ഡിവൈഎസ്‌പിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് ചേവായൂര്‍ കൂട്ട ബലാത്സംഗ കേസിന്‍റെ അന്വേഷണത്തിന്‍റെ പേരിൽ തെറ്റിദ്ധരിപ്പിച്ചാണ് ഫോൺ രേഖകള്‍ ചോര്‍ത്തിയത്