കോട്ടയം എംസി റോഡില്‍ നീലിമംഗലത്ത് പുതുതായി പണിത പാലത്തിലെ വിടവില്‍ വീണ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഞായറാഴ്ച പുലര്‍ച്ചെ 5.45ഓടെ നടന്ന അപകടത്തില്‍ യുവാവ് മരിച്ചു. കടുത്തുരുത്തി മുട്ടുചിറ ഇരവിമംഗലം ഇലവത്തില്‍ രഞ്ജിന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്.
സെപ്റ്റംബര്‍ 16-നായിരുന്നു രഞ്ജിന്റെയും ആലപ്പുഴ സ്വദേശിനിയായ സോനയുടെയും വിവാഹം. ഞായറാഴ്ച ഭാര്യയുടെ ബന്ധുക്കള്‍ അടുക്കളകാണാന്‍ എത്താനിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം. മുട്ടുചിറയിലെ ഓട്ടോഡ്രൈവറായ രഞ്ജിന്‍ കോട്ടയം നഗരത്തില്‍ ഇറച്ചി എത്തിച്ചുകൊടുത്തിട്ട് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം.
പുതിയപാലത്തിലെ വിടവില്‍ ചാടി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷയും എതിര്‍ദിശയിലെത്തിയ കെ.എസ്.ആര്‍.ടി.സി.ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു. നാട്ടുകാരാണ് ഓട്ടോറിക്ഷയ്ക്കുള്ളില്‍നിന്ന് രഞ്ജിനെ പുറത്തെടുത്തത്. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. പരേതനായ സെബാസ്റ്റ്യന്റെയും ലൂസിയുടെയും മകനാണ് രഞ്ജിന്‍.
2017ൽ പൂർത്തിയായ പാലം 2018 ജൂലായിലാണ് തുറന്നുകൊടുത്തത്. . ഒന്നര മാസം മുമ്പ് വിവാഹിതനായ രഞ്ജിന്‍ മധുവിധു കാലം തീരുംമുമ്പേ പൊലിഞ്ഞത് തീരാനൊമ്പരമായിരിക്കുകയാണ്. കോട്ടയം നഗരത്തിലടക്കം ഓട്ടോറിക്ഷയില്‍ ഇറച്ചി വിതരണംചെയ്യുന്ന ജോലിയാണ് രഞ്ജിന്. ഞായറാഴ്ച ബന്ധുവീട്ടുകാര്‍ എത്തുന്നതിനാല്‍ പോകേണ്ടെന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍, പകരം ഓട്ടം പോകാന്‍ മറ്റൊരാളെ കിട്ടാതെ വന്നതിനാല്‍ രഞ്ജിന്‍ തന്നെ പോവുകയായിരുന്നു.