വീടിനുള്ളില്‍ അമ്മയേയും അവിവാഹിതരായ രണ്ട് ആണ്‍മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡ് കോര്‍ത്തുശേരി ബീച്ചില്‍ കുന്നേല്‍ വീട്ടില്‍ പരേതനായ രഞ്ജിത്തിന്റെ ഭാര്യ ആനി രഞ്ജിത്ത്(57), മക്കളായ ലെനിന്‍ ജോസഫ് (അനില്‍ 35), സുനില്‍ ജോസഫ് (32) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെ സംശയം തോന്നിയ അയല്‍വാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ മണ്ണഞ്ചേരി പോലീസ് കതക് തുറന്നപ്പോള്‍ മൂന്ന് പേരും മരിച്ച നിലയിലായിരുന്നു. ആനി കിടപ്പുമുറിയിലെ കഴുക്കോലില്‍ തൂങ്ങിയ നിലയിലും മക്കള്‍ മുറികളിലെ കട്ടിലുകളില്‍ മരിച്ച നിലയിലുമായിരുന്നു. ആനിയുടെ ഭര്‍ത്താവ് രഞ്ജിത്ത് നാല് വര്‍ഷം മുമ്പാണ് മരണമടഞ്ഞത്
ഭര്‍ത്താവ് മരിച്ചശേഷം മക്കളുടെ അമിത മദ്യപാനം കൂടിയായതോടെ കുടുംബത്തിന്റെ താളം തെറ്റിയിരുന്നതായാണ് അയല്‍വാസികള്‍ പോലീസിന് നല്‍കിയ മൊഴി. ലെനിനും സുനിലും പതിവായി ജോലിക്കു പോകുമായിരുന്നു. മദ്യപിക്കാത്തപ്പോള്‍ വീട്ടില്‍ എല്ലാവരും സന്തോഷത്തിലുമായിരുന്നു. എന്നാല്‍ മദ്യപിച്ചാല്‍ ഇരവരും തമ്മില്‍ വാക്കേറ്റവും അക്രമങ്ങളും ഉണ്ടാകുമായിരുന്നു. രണ്ടാഴ്ച മുമ്പും ഇവര്‍ വഴക്കുണ്ടായിരുന്നതായി മണ്ണഞ്ചേരി പോലീസ് പറഞ്ഞു. മക്കളുടെ വഴക്കില്‍ ആനി മാനോവിഷമത്തിലായിരുന്നുവെന്ന് അടുപ്പമുള്ളവരോട് തുറന്നു പറഞ്ഞിരുന്നു. ആനി മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.