വീണ്ടും അനുപമയെ കുറിച്ചാണ്. കാരണം ഇത് അതീവ ഗുരുതരമായ ഒരു സദാചാര പ്രശ്നമാണ്. നിങ്ങളിൽ ചിലർ മനസ്സിലാക്കിയത് പോലെ ലൈംഗിക സദാചാരം അല്ല, മറിച്ച് ഭരണഘടനാ സദാചാരം. There is something called constitutional morality.
എന്റെ fb ലിസ്റ്റിൽ ഉള്ള പലരും മൗനം പാലിക്കുകയോ, അല്ലെങ്കിൽ സർവ കുഴപ്പവും അനുപമയുടേതാണ് എന്ന് നിലപാട് എടുക്കുകയോ ചെയ്യുന്നത് കൗതുകകരമാണ്. അത് കൊണ്ട് കൂടിയാണ് ഈ വിഷയം വീണ്ടും വീണ്ടും എഴുതുന്നത്. മൗനമാചരിക്കുകയാണെങ്കിലും ഈ എഴുത്തുകൾ നിങ്ങൾ കാണുന്നുണ്ട് എന്നെനിക്കറിയാം.
കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. സർക്കാർ കോടതിയിൽ പോയി സമയം നീട്ടി ചോദിച്ചു. DNA ടെസ്റ്റ് നടത്താൻ നവംബർ ഒന്നാം തിയതി കോടതി ഉത്തരവിട്ടിട്ടും കല്ലിനു കാറ്റ് പിടിച്ചത് പോലെ ഇരുന്ന സർക്കാർ സംവിധാനങ്ങൾ കഴിഞ്ഞ ദിവസമാണ് കുട്ടിയെ കൊണ്ട് വരാനുള്ള നടപടിയിലേക്ക് കടന്നത്. വകുപ്പ് തല അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല. DNA ടെസ്റ്റ് നടത്താൻ വീണ്ടും ഒൻപത് ദിവസമാണ് ചോദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ആണ് ശിശു ക്ഷേമ സമിതിയുടെ പ്രസിഡന്റ്. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ അഡോപ്‌ഷൻ ലൈസൻസിന്റെ കാലാവധി ജൂൺ 30 ന് അവസാനിച്ചു. 2016 ജൂലൈ ഒന്ന് മുതൽ 2021 ജൂൺ 30 വരെ ആയിരുന്നു കാലാവധി. ആഗസ്റ്റിലാണ് അനുപമയുടെ കുട്ടിയെ ആന്ധ്രയിലെ ദമ്പതികൾക്ക് കൈമാറിയത്. കുട്ടിയെ കൈ മാറുമ്പോൾ ലൈസൻസ് പോലും ഇല്ലായിരുന്നു എന്നർത്ഥം.അതും കുട്ടിയെ കടത്തികൊണ്ട് പോയി എന്ന, അനുപമയുടെ പരാതി നിലനിൽക്കുമ്പോൾ. മുഖ്യമന്ത്രി അധ്യക്ഷനായ ഒരു സ്ഥാപനത്തിന്റെ കാര്യമാണ് പറയുന്നത്. ജൂലൈ ഒന്ന് മുതൽ ശിശു ക്ഷേമ സമിതി ഒരു അനധികൃത ദത്ത് ഏജൻസി ആണ്. അങ്ങനെയുള്ള നിരവധി അനധികൃത ദത്ത് കേന്ദ്രങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അവർ കുട്ടികളെ കൈ മാറുന്ന പരിപാടിക്ക് ചൈൽഡ് ട്രാഫിക്കിങ് എന്നാണ് പറയുക.ശിക്ഷാർഹമായ കുറ്റമാണ്. ലൈസൻസ് ഇല്ലാതെ കുട്ടിയെ കൈമാറുന്നത് ശിശുക്കടത്താണ്. ഇവിടെ അത് ചെയ്ത സമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.
നിയമം നടപ്പിലാക്കി പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സ്റ്റേറ്റിന്റെ സംവിധാനങ്ങൾ തന്നെഇത്രയും ഗുരുതരമായ നിയമ ലംഘനം നടത്തിയിട്ടും, ചൈൽഡ് ട്രാഫിക്കിങ് എന്ന ഗുരുതരമായ കുറ്റം ചെയ്തിട്ടും നിങ്ങളിൽ പലർക്കും അനുപമയുടെ സദാചാരം തന്നെയാണ് പ്രശ്നമെങ്കിൽ ഒന്നും പറയാനില്ല. ചൈൽഡ് ട്രാഫിക്കിങ് നടത്താൻ ഒരു ഔദ്യോഗിക സംവിധാനം ഉള്ള, (അതും മുഖ്യമന്ത്രി അധ്യക്ഷനായ)സംസ്ഥാനം എന്ന ബഹുമതി കൂടി കേരളത്തിനാണ് എന്നതിൽ അഭിമാനിക്കൂ.
ഈ പ്രശ്നം തുടങ്ങിയിട്ട് നാളിത് വരെ ഒരു രണ്ട് വരി പത്രകുറിപ്പ് കൊണ്ട് പോലും ആരോപണങ്ങൾ നിഷേധിക്കാൻ ശിശു ക്ഷേമ സമിതി തയ്യാറായിട്ടില്ല. അനുപമയുടെ പരാതികിട്ടിയിട്ട് FIR ഇടാൻ ആറ് മാസം വൈകിയത് എന്തേ എന്ന ചോദ്യത്തിന് ഒരക്ഷരം പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. സഭയിൽ പോലും. ലൈസൻസ് ഇല്ലാതെയാണോ കുട്ടിയെ ദത്ത് കൊടുത്തത് എന്ന ചോദ്യത്തിന് ശിശു ക്ഷേമ സമിതിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി മറുപടി പറയുമോ? തിരുവനതപുരത്തെ ഏതാനും പാർട്ടി നേതാക്കളുടെ ദുരഭിമാനം സംരക്ഷിക്കാനും ശിശു ക്ഷേമ സമിതിയിലെ കുറ്റാരോപിതരെ രക്ഷിക്കാനും കൂട്ട് നിൽക്കുമോ മുഖ്യമന്ത്രി? ഇല്ല എന്ന് തന്നെ ഞാൻ ഇപ്പോഴും കരുതുന്നു. കാരണം, നാലോട്ടിന് വേണ്ടി നവോത്ഥാനമൂല്യങ്ങൾ ബലി കഴിക്കുകയില്ല എന്ന് താങ്കൾ പറഞ്ഞത് എനിക്കോർമ്മയുണ്ട്.
ശിശു ക്ഷേമ സമിതിയിലെയും CWC യിലേയും ആരോപണ വിധേയരെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്താൻ ഇനിയെങ്കിലും മുഖ്യമന്ത്രി തയ്യാറാവുമോ?
കുട്ടിയെ കൈമാറുമ്പോൾ ലൈസൻസ് പോലും ഉണ്ടായിരുന്നില്ല എന്ന സാഹചര്യത്തിൽ ചോദ്യങ്ങൾക്ക് മറുപടി വീണാ ജോർജ് പറഞ്ഞാൽ പോരാ സമിതിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി തന്നെ പറയണ്ടേ?
ഇത്രയും വലിയ ഒരു 'ഗോൾഡൻ ഓപ്പർചുണിറ്റി കൈ വന്നിട്ടും പ്രതിപക്ഷം മിണ്ടാതിരിക്കുന്നതിൽ ഒരത്ഭുതവുമില്ല.അവരുടെ വീടുകളിലും സ്ത്രീകൾ ഉണ്ടല്ലോ. അവർക്ക് പ്രസവിക്കാമല്ലോ. അപ്പോൾ ശിശു ക്ഷേമ സമിതി ഉണ്ടല്ലോ.
നാളിത് വരെ ശിശുക്ഷേമ സമിതി നടത്തിയ മൊത്തം പ്രവർത്തനങ്ങളെ കുറിച്ചും അന്വേഷണം നടത്തേണ്ടതാണ്. അത് ആവശ്യപ്പെടാൻ ആരുമില്ലാത്ത വിധം സംഘടിതമായ മൗനത്തിലാണ് കേരളം. അനുപമയെയും അവരുടെ പാർട്ണറേയും വിചാരണ ചെയ്ത് കഴിഞ്ഞിട്ട് മറ്റൊന്നിനും സമയവുമില്ല.