പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശി സബീർ ഇസ്ലാമിനെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അതിഥി തൊഴിലാളികളാണ്, ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്.
ഇഞ്ചക്ഷൻ, ഡ്രിപ്പ് എന്നിവ ഇയാൾ നൽകിയിരുന്നു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയിൽ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ഇയാളിൽനിന്ന് സ്റ്റെതസ്കോപ്പ്, സിറിഞ്ചുകൾ, ഗുളികകൾ, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു.വ്യാജൻമാരെയും തട്ടിപ്പുകാരെയും കുറിച്ച് ജനങ്ങൾ പരാതി നൽകുമ്പോൾ മാത്രമാണ് അധികാരികൾ ഇതൊക്കെ അറിയുന്നതെന്നും സ്വമേധയാ അന്വേഷിച്ച് ഇത്തരക്കാരെ പിടിക്കാനുള്ള ജാഗ്രത ഉദ്യോഗസ്ഥർ കാണിക്കണമെന്നും നാട്ടുകാർ പറയുന്നു.