തുണിത്തരങ്ങള്‍, ചെരുപ്പ് എന്നിവയുടെ ജിഎസ്ടി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ്(സിബിഐസി)ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വസ്ത്രങ്ങള്‍ക്ക് ജനുവരി മുതല്‍ വിലകൂടും.
നിലവില്‍ 1000 രൂപവരെയുള്ള തുണിത്തരങ്ങള്‍ക്ക് അഞ്ച് ശതമാനമായിരുന്നു നികുതി ചുമത്തിയിരുന്നത്. വില വ്യത്യാസമില്ലാതെ ചെരുപ്പുകളുടെ ജിഎസ്ടിയും അഞ്ചില്‍ നിന്ന് 12 ശതമാനമാക്കിയിട്ടുണ്ട്.
തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതല്‍ പരിഷ്‌കരിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ജിഎസ്ടി നിരക്ക് കൂട്ടിയില്ലെങ്കിലും വസ്ത്രവിലയില്‍ 15-20 ശതമാനം വരെ വിലവര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
വിപണിയില്‍ 80 ശതമാനവും 1,000 രൂപക്ക് താഴെ വിലയുള്ള വസ്ത്രങ്ങളാണ്. നൂല്‍, പാക്കിങ്, ചരക്ക് ഗതാഗതം എന്നിവയുടെ വില വര്‍ധന കൂടിയാകുമ്പോള്‍ തുണിവ്യവസായ മേഖലക്ക് തീരുമാനം ആഘാതമാകുമെന്ന് ക്ലോത്തിങ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ പറയുന്നു.