കാസർകോട് ചീമേനിയിൽ പട്ടയം നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ചീമേനി വില്ലേജ് ഓഫീസർ കരിവെള്ളൂരിലെ കെ.വി.സന്തോഷ് , ഫീൽഡ് അസിസ്റ്റന്റ് മാതമംഗലത്തെ കെ.സി.മഹേഷ് , എന്നിവരെയാണ് വിജിലൻസ് ഡിവൈഎസ്പി കെവി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.
പെരിയങ്ങാനം മന്ദച്ചംവയലിലെ നിഷ നൽകിയ പരാതിയിലാണ് വിജിലൻസ് സംഘം വെള്ളിയാഴ്ച ചീമേനി വില്ലേജ് ഓഫീസിൽ പരിശോധനയ്ക്കെത്തിയത്. നിഷയുടെ മുത്തശ്ശി ലക്ഷ്മി നികുതിയടച്ചിരുന്ന മന്ദച്ചംവയലിലെ അരയേക്കർ സ്ഥലത്തിന് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്. 2019-ൽ പട്ടയത്തിന് നിഷയുടെ അച്ഛൻ ടി.നാരായണൻ അപേക്ഷിച്ചിരുന്നു. ഈ വർഷമാദ്യം നാരായണൻ മരിച്ചു. ശേഷം അപേക്ഷയുമായി നിഷ വില്ലേജിലെത്തുകയായിരുന്നു.
പട്ടയം നൽകാൻ ഒന്നരലക്ഷം രൂപയാണ് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്. എന്നാൽ അത്രയും തുക നൽകാനില്ലെന്ന് നിഷ അറിയിച്ചതോടെ അൻപതിനായിരം രൂപ വേണമെന്നായി. പിന്നീട് ഇരുപത്തയ്യായിരം രൂപ ആവശ്യപ്പെട്ടു. താലിമാല മാത്രമാണുള്ളത് എന്നറിയിച്ചപ്പോൾ എങ്കിൽ അത് വിറ്റ് പണം കൊണ്ടുവരാൻ ഇവർ ആവശ്യപ്പെട്ടെന്ന് നിഷ പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതനാണ് നിഷയുടെ മകൻ. ഭർത്താവ് ആശാരിപ്പണിക്കാരനും.
ഭൂമിയളന്ന് സ്കെച്ചടക്കം തയ്യാറാക്കിയെങ്കിലും അതിനിടെ വില്ലേജ് ,ഓഫീസർക്ക് സ്ഥലംമാറ്റ ഉത്തരവ് വന്നു. സ്ഥലം മാറിപ്പോകും,മുൻപ് പട്ടയം അനുവദിക്കാമെന്ന് സന്തോഷ് അറിയിച്ചതിനെത്തുടർന്നാണ് നിഷ പണവുമായി ഓഫീസിലെത്തിയത്. കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലൻസിനെയും അറിയിച്ചിരുന്നു. വിജിലൻസ് സംഘം നൽകിയ പതിനായിരം രൂപയുമായി വെള്ളിയാഴ്ച വൈകുന്നേരം ഓഫീസിലെത്തി കൈമാറുന്നതിനിടെ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെയും മഹേഷിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോഴിക്കോട് വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോയി.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ നേരിട്ട് കൈക്കൂലി വാങ്ങാതെ ഏജൻ്റുകളെ ഉപയോഗിച്ചും അടുത്തുള്ള പെട്ടിക്കടകളിൽ നൽകാൻ പറയുന്ന പുത്തൻ തന്ത്രങ്ങൾ പ്രയോഗിക്കുമ്പോൾ ഇവർ കാണിച്ച മണ്ടത്തരം മറ്റു കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്ക് മൊത്തം നാണക്കേടായിരിക്കുകയാണ്. കൈക്കൂലി കേസിൽ പിടിക്കപ്പെടുന്നവർക്ക് കേരളത്തിൽ ജോലി നഷ്ടമാവില്ലെന്നതും, ഇത്തരത്തിൽ തെളിവു സഹിതം പിടിക്കുന്നവരെ കണ്ടെത്തി പ്രൊമോഷൻ നൽകി രാഷ്ടീയക്കാർ അഴിമതിക്ക് കൂട്ടുനിൽക്കാൻ ഉപയോഗിക്കാനും തുടങ്ങിയതിനാൽ ശമ്പളത്തോടു കൂടിയ ലീവ് കഴിഞ്ഞ് പതിവുപോലെ ഇവർക്കും ജോലിയിൽ പ്രവേശിക്കാം.