Type Here to Get Search Results !

പൊതുജനങ്ങളെ ദ്രോഹിക്കുന്ന പാതയോരങ്ങളിലെ കടിമരങ്ങൾ ; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി


പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ആരു പറഞ്ഞാലും കേരളം നന്നാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പാതയോരത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് രണ്ടാഴ്ച മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. കഴിഞ്ഞയാഴ്ച തിരുവനന്തപുരം വരെ യാത്ര ചെയ്തപ്പോള്‍ പാതയുടെ ഇരുവശത്തും അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് കണ്ടു. അതില്‍ കൂടുതലും ചുവന്ന കൊടികളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പാതയോരം കയ്യേറി കൊടിമരം സ്ഥാപിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കോടതിയുടെ ഉത്തരവ് വന്നതിനു പിന്നാലെ കളക്ടര്‍ ഉള്‍പ്പെടെയുളളവര്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഈ വിശദീകരണത്തില്‍ കോടതിക്ക് പൂര്‍ണമായും തൃപ്തിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരു പറഞ്ഞാലും കേരളം നന്നാവില്ലെന്ന പരാമര്‍ശം കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.