Type Here to Get Search Results !

കാമുകനൊപ്പം ജീവിക്കാൻ ഫോർട്ട് കൊച്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിൻ്റെ അമ്മയെ തിരിച്ചറിഞ്ഞു


തോപ്പുംപടി ഫോർട്ട് കൊച്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നാലുവയസുകാരൻ രാഹുലിന്റെ മാതാവിനെ കണ്ടെത്തി. കുട്ടിയെ ഉപേക്ഷിച്ചുപോയത് ആസാം സ്വദേശിനിയായ അമ്മ പ്രിയങ്ക ബോറയാണെന്ന് സ്ഥിരീകരിച്ചു. 21 വയസ്സുകാരിയായ പ്രിയങ്ക ഇവരുടെ ആൺസുഹൃത്തിനൊപ്പം ജീവിക്കാനായാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസിന് മൊഴി നൽകി. പ്രിയങ്ക ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് കുട്ടിയെ കണ്ടുകിട്ടിയ വാർത്ത അറിഞ്ഞ് പോലീസിനെ ബന്ധപ്പെട്ടത്. ഇതാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ഫോർട്ട്കൊച്ചിയിലെ പാർക്കിൽ കണ്ടെത്തിയത്. ഒറ്റയ്ക്കിരിക്കുകയായിരുന്ന കുട്ടിയെ സംശയം തോന്നി നാട്ടുകാരിൽ ചിലർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിന്നീട്, രാഹുൽ എന്ന് പേരുള്ള കുട്ടി അമ്മ പ്രിയങ്കയ്ക്കായി കാത്തിരുക്കുന്ന വാർത്ത സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു.

ആസാം സ്വദേശിനിയായ പ്രിയങ്ക മൂവാറ്റുപുഴയിൽ ഒരു ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. സുഹൃത്ത് രൂപ് ജ്യോതിയും ഇവർക്ക് ഒപ്പമുണ്ട്. കുട്ടിയെ നാട്ടിലേക്ക് അയയ്ക്കാനെന്നു പറഞ്ഞ് സ്ഥാപന ഉടമയിൽനിന്ന് 3000 രൂപ കടം വാങ്ങിയാണ് ഇവർ കുഞ്ഞുമായി ഫോർട്ട്കൊച്ചിയിൽ എത്തിത്. പിന്നീട് പാർക്കിൽ കുട്ടിയെ ഉപേക്ഷിച്ച ശേഷം ഇവർ മൂവാറ്റുപുഴയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. കുട്ടിയെ പരിചയക്കാരനൊപ്പം നാട്ടിലേക്ക് അയച്ചുവെന്നാണ് ഇവർ പറഞ്ഞത്.

എന്നാൽ, കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന വാർത്ത കണ്ടപ്പോൾ സ്ഥാപനമുടമയ്ക്ക് സംശയം ഉയരുകയായിരുന്നു. തുടർന്ന് സ്ത്രീയെയും സുഹൃത്തിനെയും കൂട്ടി ഇയാൾ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തി. കോവിഡ് വാക്സിൻ എടുക്കാനെന്നു പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്. മൂവാറ്റുപുഴ സ്റ്റേഷനിൽനിന്ന് നിർദേശിച്ചതനുസരിച്ച് സ്ഥാപന ഉടമ ഇവരെ ഫോർട്ട്കൊച്ചി സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

തുടർന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ കുട്ടിയുടെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെ തുടർന്ന് താൻ കുട്ടിയുമായി സുഹൃത്തിനൊപ്പം നാടുവിടുകയായിരുന്നു എന്ന് പ്രിയങ്ക മൊഴി നൽകിയത്. പിന്നീട് പലയിടത്തായി ജോലി ചെയ്തു. ഒടുവിൽ മൂവാറ്റുപുഴയിലെത്തി. കുട്ടിയോട് ക്രൂരത കാട്ടിയതിന് അമ്മയ്‌ക്കെതിരേയും പ്രേരണാ കുറ്റത്തിന് രൂപ് ജ്യോതിക്കെതിരേയും ഫോർട്ട്കൊച്ചി പോലീസ് കേസെടുത്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

കുട്ടിയെ തിരികെ വേണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണർ വി ജി രവീന്ദ്രനാഥ് പറഞ്ഞു. പോലീസ് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. നിലവിൽ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.