Type Here to Get Search Results !

കോഴിക്കോട് ഭക്ഷ്യവിഷബാധയിൽ മരിച്ച രണ്ടര വയസുകാരൻ്റെ അമ്മയും ആശുപത്രിയില്‍

കോഴിക്കോട് നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രണ്ടര വയസുകാരന്റെ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മ സനയെ വയറുവേദനയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മുഹമ്മദ് യാമിന്‍ മരിച്ചത്. ചങ്ങളം കണ്ടി അക്ബറിന്റെ മകനാണ്. വിവാഹത്തില്‍ പങ്കെടുത്ത മറ്റ് പത്ത് കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.


വ്യാഴാഴ്ച വൈകീട്ടാണ് ബന്ധുവിന്റെ വിവാഹ വീട്ടില്‍ നിന്നും കുട്ടികള്‍ ഭക്ഷണം കഴിച്ചത്. ഇന്നലെയാണ് ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുഹമ്മദ് യാമിനെ എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ചടങ്ങിലേക്ക് ഭക്ഷണമെത്തിച്ച രണ്ട് ബേക്കറികളും കുട്ടമ്പൂരിലെ ഒരു ഹോട്ടലും അധികൃതര്‍ അടപ്പിച്ചു.