കൊട്ടാരക്കരയിൽ മാസ്‌ക് താഴ്ത്തിയിട്ട ശേഷം കപ്പലണ്ടി തിന്നതിന്റെ പേരില്‍ തൊഴിലാളിക്ക് 500 രൂപ പിഴചുമത്തി കേരളാ പോലീസ്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശി ബിജുവിനാണ് പിഴ ചുമത്തിയത്.പിഴയടയ്ക്കാന്‍ ഇദ്ദേഹത്തിന്റെ കൈയില്‍ പണമില്ലായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. നാട്ടുകാരനായ സജിയെന്ന പൊതുപ്രവര്‍ത്തകനെത്തിയാണ് ഒടുവില്‍ ജാമ്യത്തിലിറക്കിയത്.
ചാലിയക്കര എസ്റ്റേറ്റില്‍ 600 രൂപ ദിവസക്കൂലിക്കു ജോലിക്കു പോയി മടങ്ങവെയായിരുന്നു പോലീസ് എത്തി പെറ്റിയടിച്ചത്. ബസ് സ്റ്റാന്‍ഡില്‍ സാമൂഹിക അകലം പാലിച്ചില്ല, മാസ്‌ക് താഴ്ത്തിയിട്ടിരുന്നു തുടങ്ങിയവയാണ് ഇയാൾക്കെതിരായി പോലീസ് ആരോപിക്കുന്ന കുറ്റങ്ങള്‍. തോട്ടംമുക്കിലേക്കുള്ള ബസ് എത്താന്‍ സമയമുള്ളതിനാല്‍ കപ്പലണ്ടി വാങ്ങി കൊറിച്ചു എന്നതുമാത്രമാണ് താന്‍ ചെയ്ത തെറ്റെന്ന് തൊഴിലാളി പറയുന്നു. ബാറുകളിലും ,ഹോട്ടലുകളിലും എല്ലാവരും മാസ്ക്ക് താഴ്ത്തിയാണിരിക്കുന്നത് സ്കൂൾ തുറന്നതോടെ ബസ്സുകളിൽ തിരക്ക് കൂടി ഇവിടെയൊക്കെ പോയി പോലീസ് പെറ്റിയടിക്കുമോ എന്നും ഇയാൾ ചോദിക്കുന്നു. രാഷ്ടീയക്കാർ മസ്കിടാതെ പോലീസിന് മുന്നിൽ കൂട്ടം കൂടി നിൽക്കുന്നത് കാണാതെ പാവങ്ങളെ തിരഞ്ഞുപിടിച്ച് പെറ്റിയടിക്കുന്നത് ഇരട്ടനീതിയല്ലെയെന്ന് ദാരിദ്ര്യവാസിയായ ഇയാൾ ചോദിക്കുന്നു.