Type Here to Get Search Results !

കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ ക്രൂരമായി മര്‍ദിച്ച സംഭവം ; ചികിത്സയിലായിരുന്ന അമ്മൂമ്മ മരിച്ചു


തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായ അരുണ്‍ ദേവിന്റെ അമ്മൂമ്മ മരിച്ചു.ചികിത്സയിലായിരുന്ന ജനമ്മാള്‍ എന്ന എഴുപത്തിയഞ്ചു വയസ്സുകാരിയാണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുണ്‍ദേവ് മെഡിക്കല്‍ കോളേജിലെത്തിയതും തുടർന്ന് ഗുണ്ടകളായ സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നതും. 


സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പ്രധാന പ്രതി സതീശന്‍ എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവില്‍ നിന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വാങ്ങിയ പാസ് തിരികെ കൊടുക്കാത്തത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം.  

ഇതോടെ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് അരുണിനെ ക്രൂരമായി മര്‍ദ്ദിച്ചു.  മര്‍ദിക്കുന്നത് കാണാതിരിക്കാന്‍ അകത്തേക്ക് വലിച്ച് കൊണ്ടുപോയി, ഗേറ്റ് പൂട്ടിയിട്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു.  സംഭവം മൊബൈലില്‍ ചിത്രീകരിച്ചയാളെയും ആക്രമിക്കാന്‍ ശ്രമിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ കോളേജ് സുരക്ഷ ജീവനക്കാരുടെ ഗൂണ്ടായിസം പതിവുകഥയായി മാറുകയാണ്.