മുല്ലപ്പരിയാര്‍ ഡാമിലെ മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്ത വിവരം കേന്ദ്രത്തെ അറിയിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത് എന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ഈ മാസം 24ന് ചീഫ് സെക്രട്ടറി വി.പി ജോയിക്ക് കത്തയച്ചു. ബെന്നിച്ചനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. എന്നാല്‍, ചട്ടപ്രകാരം സസ്‌പെന്‍ഡ് ചെയ്ത് 48 മണിക്കൂറിനകം കേന്ദ്ര വനം ഐ.ജിയെ വിവരം അറിയിക്കണം. ഐഎഫ്സ് ഉദ്യോഗസ്ഥരുടെ കേഡര്‍ കണ്‍ട്രോളിങ് അതോറിറ്റി കേന്ദ്ര ഫോറസ്റ്റ് ഐജിയാണ്. സസ്‌പെന്‍ഷന്‍ കാലാവധി 30 ദിവസത്തില്‍ കൂടുതല്‍ നീളുകയാണെങ്കിലും കേന്ദ്രത്തിന്റെ അനുമതി വാങ്ങണം.
ബേബി ഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിക്കാനുളള ഉത്തരവാണ് തമിഴ്‌നാടിന് നല്‍കിയിരുന്നത്. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഇറക്കിയ ഈ ഉത്തരവ് വിവാദമായതോടെ റദ്ദാക്കി. ഈ സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിനെ തുടര്‍ന്ന് നവംബര്‍ 11നാണ് ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്.