Type Here to Get Search Results !

മുംബൈ ടെസ്റ്റില്‍ വിരാട് കോഹ് ലി മടങ്ങിയെത്തുമ്പോള്‍ ടീമില്‍ നിന്ന് പുറത്താവുക ശ്രേയസ് അയ്യര്‍ ആയിരിക്കുമെന്ന് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍


മുംബൈ ടെസ്റ്റില്‍ വിരാട് കോഹ് ലി മടങ്ങിയെത്തുമ്പോള്‍ ടീമില്‍ നിന്ന് പുറത്താവുക ശ്രേയസ് അയ്യര്‍ ആയിരിക്കുമെന്ന് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ടീമില്‍ അജിങ്ക്യ രഹാനെ തുടരാനാണ് സാധ്യതയെന്നും ശ്രേയസിനെ മാറ്റിനിര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണെങ്കിലും അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിയമമെന്നും ലക്ഷ്മണ്‍ പറഞ്ഞു.


‘ശ്രേയസ്, രഹാനെ എന്നിവരില്‍ ആരാണ് മുംബൈയില്‍ വേണ്ടതെന്നത് പ്രസക്തമായ ചോദ്യമാണ്. തീരുമാനമെടുക്കാന്‍ വളരെ പ്രയാസമുള്ള കാര്യമാണിത്. ശ്രേയസ് ബാറ്റ് ചെയ്തത് മനോഹരമായാണ്. രണ്ട് ഇന്നിംഗ്സിലും ടീമിനെ രക്ഷിക്കാന്‍ ശ്രേയസിനായി. അതിനാല്‍ ആരെ വേണമെന്നത് തീരുമാനിക്കുക പ്രയാസമാണ്. മുംബൈയില്‍ മികച്ച ഫോമിലുള്ള ആളെ കളിപ്പിക്കേണ്ടതായുണ്ട്. വിരാട് കോഹ്‌ലി തിരിച്ചുവരുമ്പോള്‍ മോശം ഫോമിലുള്ള അജിങ്ക്യ രഹാനെയുടെ കാര്യം എന്താകുമെന്നത് ചോദ്യമാണ്.’

‘എന്നാല്‍ മുംബൈയില്‍ രഹാനെക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. വിരാട് കോഹ്‌ലിയും രാഹുല്‍ ദ്രാവിഡും അജിങ്ക്യ രഹാനെയെ മാറ്റിനിര്‍ത്താന്‍ തയ്യാറാകുമെന്ന് കരുതുന്നില്ല. ഇത്രയും മികച്ചൊരു അരങ്ങേറ്റം ലഭിച്ച താരത്തെ നിലനിര്‍ത്തുകയെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ കാര്യങ്ങളെടുക്കുമ്പോള്‍ അതാണ് നിയമമെന്ന് പറയാം’ ലക്ഷ്മണ്‍ പറഞ്ഞു.

കാണ്‍പൂര്‍ ടെസ്റ്റില്‍ കോഹ് ലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന രഹാനെ വളരെ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഈ വര്‍ഷം 20.35 ശരാശരിയില്‍ കളിക്കുന്ന രഹാനെയെ ഇന്ത്യ വീണ്ടും വീണ്ടും ടീമിലേക്ക് പരിഗണിക്കുന്നതിനെതിരേ വിമര്‍ശനം ശക്തമാണ്.