Type Here to Get Search Results !

ഡ്രെസ്സ് കോഡ് അടിച്ചേല്‍പ്പിക്കരുത് , അധ്യാപികമാര്‍ സാരി ധരിക്കണമെന്ന് നിയമമില്ല ; ഉത്തരവിറക്കി സര്‍ക്കാര്‍


ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് സാരി നിര്‍ബന്ധമാക്കിയട്ടില്ലെന്നും, സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രവും ധരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിര്‍ബന്ധങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയത്.


അദ്ധ്യാപകര്‍ക്ക് മേല്‍ സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് യോജിച്ചതല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് പല ആവര്‍ത്തി വ്യക്തമാക്കിയിട്ടുള്ളതാണ്. കൊടുങ്ങല്ലൂരിലെ ഒരു കോളേജ് അധ്യാപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രി ആര്‍.ബിന്ദു ഇടപെട്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വീണ്ടും ഉത്തരവിറക്കിയത്. ജോലി വേണമെങ്കില്‍ ദിവസവും സാരി ഉടുക്കണമെന്ന നിബന്ധന മുന്നോട്ട് വച്ചെന്നായിരുന്നു പരാതി.

ഞാനും ഒരു അധ്യാപികയാണ്. കേരള വര്‍മയില്‍ പഠിപ്പിച്ചിരുന്ന സമയത്ത് നിരന്തരം ചുരിദാര്‍ ധരിച്ച് പോകുമായിരുന്നു.
ഒരു അധ്യാപികയ്ക്ക് നൂറായിരം കര്‍ത്തവ്യങ്ങള്‍ വഹിക്കേണ്ടതായുണ്ട്. പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഈ പട്ടികയില്‍ വരില്ല, ബിന്ദു ഫെയ്സ്ബുക്കില്‍ കുറിച്ചു.

വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണ് അതില്‍ അകാരണമായി ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ല. 2014 ല്‍ മെയ് 9 ന് ഇത് വ്യക്തമാക്കി ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പ്രവൃത്തി ആവര്‍ത്തിച്ചു വരുന്നതായി അറിയാന്‍ സാധിച്ചതിനാല്‍, വീണ്ടും ഒരു ഉത്തരവ് കൂടി പുറപ്പെടുവിച്ചു, ബിന്ദു കൂട്ടിച്ചേര്‍ത്തു.