കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിമ്മി ഇനി മുതല്‍ ഡോക്ടര്‍ നിമ്മി. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയാണ് നിമ്മി കൈയ്യടി നേടുന്നത്.നെയ്യാറ്റിന്‍കര ഡിപ്പോയില്‍ കണ്ടക്ടറാണ് പെരുമ്പഴുതൂര്‍ ആലംപൊറ്റ സ്വദേശിനിയായ എല്‍ബി നിമ്മി. കണ്ടക്ടറായി സേവനമനുഷ്ഠിച്ച് വരവേ ആണ് നിമ്മി ഗവേഷണം ആരംഭിച്ചത്.
മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിണിയായ നിമ്മി, ‘കെപി രാമനുണ്ണിയുടെ നോവലുകളിലെ ജീവിത ദര്‍ശന’ത്തെ ആസ്പദമാക്കിയാണ് ഗവേഷണം നടത്തി പ്രബന്ധം സമര്‍പ്പിച്ചത്.
ഈ പ്രബന്ധ സമര്‍പ്പണത്തിനാണ് എംഎസ് യൂണിവേഴ്‌സിറ്റി നിമ്മിക്ക് ഡോക്ടറേറ്റ് നല്‍കിയത്. റിട്ടയേര്‍ഡ് ഐടിഡിസി ഉദ്യോഗസ്ഥനായ എസ് ബെന്‍സിയറിന്റെയും സി ലളിതയുടെയും മകളാണ് നിമ്മി. കെഎസ്ആര്‍ടിസി സിറ്റി യൂനിറ്റിലെ മെക്കാനിക്കായ എന്‍ ഗോഡ്‌വിന്റെ ഭാര്യയാണ്.
പ്ലസ് ടു വിദ്യാര്‍ഥി ആത്മിക് ഗോഡ്‌വിന്‍, പത്താം ക്ലാസില്‍ പഠിക്കുന്ന ആഷ്മിക് ഗോഡ്‌വിന്‍ എന്നിവര്‍ മക്കളാണ്. നിമ്മിയുടെ ഉന്നത നേട്ടത്തില്‍ അഭിനന്ദിച്ച് കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌നേഹാദരവ് പരിപാടിയില്‍ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിആര്‍ സലൂജ ഉപഹാരം നല്‍കി അനുമോദിച്ചു.
അസോസിയേഷന്‍ വനിത സബ് കമ്മറ്റി ജില്ല കണ്‍വീനര്‍ വി അശ്വതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സുശീലന്‍ മണവാരി, എന്‍.കെ. രഞ്ജിത്ത്, ജനറല്‍ സെക്ഷന്‍ സൂപ്രണ്ട് രശ്മി രമേഷ്, യൂനിറ്റ് ഭാരവാഹികളായ ജി.ജി ജോ, എന്‍.എസ്. വിനോദ്, വി. സൗമ്യ, കെ.പി. ദീപ, ബി. ദിവ്യ, രമ്യ തുടങ്ങിയവര്‍ സംസാരിച്ചു.