Type Here to Get Search Results !

കോവിഡ് വകഭേദം ഒമിക്രോൺ; ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പതിനാല് ദിവസത്തെ കോറൻറീൻ നിർബന്ധമാക്കി

Omicron

സംസ്ഥാനത്ത് ഒമിക്രോണിനെതിരെ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പല രാജ്യങ്ങളിലും കോവിഡ് വകഭേദമായ ഒമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ഇവരെ കര്‍ശനമായി നിരീക്ഷിക്കും. ഏഴ് ദിവസം ക്വാറന്റൈന്‍ കഴിഞ്ഞ് എട്ടാം ദിവസം വീണ്ടും പരിശോധന നടത്തും. പിന്നെയും ഏഴ് ദിവസം ക്വാറന്റൈന്‍ ഉണ്ടാകും. നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിള്‍ ജെനോമിക് സര്‍വയലന്‍സിന് കൊടുക്കും. ഇവരുടെ ചികിത്സയ്ക്ക് പ്രത്യേക സംവിധാനമുണ്ടാക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


ഹൈ റിസ്‌ക് വിഭാഗത്തില്‍ അല്ലാത്ത മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവരും ജാഗ്രത പാലിക്കണം. ഇവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം. ഇവരില്‍ 5 ശതമാനം പേരെ ടെസ്റ്റ് ചെയ്യും. വിമാനത്താവളത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്‌ക് ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം.

അതേസമയം വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. വാക്സിന്‍ എടുക്കാത്തവരെ കണ്ടെത്താന്‍ പരിശോധന നടത്തും. അധ്യാപകര്‍ക്ക് പ്രത്യേക സംവിധാനം ആവശ്യമെങ്കില്‍ അത് ചെയ്യും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ അവലോകന യോഗം ചേര്‍ന്ന് ഒമിക്രോണ്‍ മുന്‍കരുതല്‍ നടപടികള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.