Type Here to Get Search Results !

മകൻ അയൽവാസിയുടെ ചാരായംവാറ്റ് എക്സൈസിനെ അറിയിച്ചതിന് അമ്മയെ പോലീസ് പോക്സോ കേസ്സിൽ കുടിക്കിയെന്ന് മുഖ്യമന്ത്രിക്ക് പരാതി


14 കാരനെ പീഡിപ്പിച്ചെന്ന പേരിൽ തന്നേ പോക്സോ കേസിൽപെടുത്തിയതായി പട്ടികജാതിക്കാരിയായ 73 കാരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അയൽവാസിയുടെ വീട്ടിൽ ചാരായം വാറ്റുന്നത് തന്റെ മകൻ എക്സൈസിനെ അറിയിച്ചതിന്‍റെ വിരോധത്തിലാണ് സംഭവമെന്നാണ് പരാതി.


കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീമതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ശ്രീമതിയുടെ മകനാണ് അയൽവാസിയുടെ ഫാം ഹൌസിലെ ചാരായം വാറ്റ് എക്സൈസിനെ അറിയിച്ചത്. ഇതേത്തുടർന്ന് അയൽവീട്ടിലെ യുവതി ശ്രീമതിക്കെതിരെ പോക്സോ കേസ് നൽകുകയായിരുന്നു. 14കാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയാണ് ശ്രീമതിക്കെതിരെ നൽകിയത്. ഈ കേസിൽ ശ്രീമതിക്ക് 45 ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. ഇതോടെയാണ് കേസ് പുനരന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

വാക്സിനെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ്, പൊലീസുകാർ എത്തി തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് ശ്രീമതി പറയുന്നു. ഉടൻ തിരികെ എത്തിക്കാമെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച് റിമാൻഡ് ചെയ്തു. കേസിന്‍റെ വിവരം തന്നെ അറിയിക്കുകയോ, വാദം കേൾക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറയുന്നു. ചാരായം വാറ്റുകാരായ അയൽവാസികൾ പോലീസിന് മാസപ്പടി നൽകിയിരുന്നതായും സംശയമുണ്ട് ഇതിൻ്റെ നന്ദിയാണ് ഈ കേസ്സെടുക്കാൻ കാരണമെന്ന് ശ്രീമതി പറയുന്നു. സംഭവത്തിൽ പുനരന്വേഷണം നടത്തി പട്ടികജാതിക്കാരിയായ തന്നെ കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നാണ് ശ്രീമതിയുടെ ആവശ്യം.


ശ്രീമതിയുടെ അയൽവീട്ടിലെ ഫാം ഹൌസിൽ ചാരായംവാറ്റ് നടക്കുന്ന വിവരം മകൻ എക്സൈസിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് സ്ഥലത്ത് എക്സൈസ് റെയ്ഡ് നടത്തിയിരുന്നു. ഈ സംഭവത്തിലുള്ള വൈരാഗ്യം തീർക്കാനാണ് ശ്രീമതിയെ പോക്സോ കേസിൽ കുടുക്കിയതെന്നാണ് ആരോപണം.