ചൈനീസ് മുന്‍ ഉപ പ്രധാനമന്ത്രിക്കെതിരെ ലൈംഗിക പിഢന ആരോപണം ഉന്നയിച്ച ടെന്നീസ് താരം പെംഗ് ഷൂയിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും ഒട്ടും വിലകല്‍പ്പിക്കാത്ത ചൈനീസ് ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടി പെംഗിനെ ഉന്മൂലനം ചെയ്‌തോ എന്ന ചോദ്യങ്ങള്‍ ഉയരുകയാണ്. പെംഗിനെ എത്രയും വേഗം കണ്ടെത്തണമെന്ന ആവശ്യവുമായി ടെന്നീസ് ലോകം രംഗത്തെത്തുമ്പോള്‍ ചൈനയ്ക്ക് കൂച്ചുവിലങ്ങിടാന്‍ ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി (ഐഒസി) നീക്കമിടുന്നതായാണ് റിപ്പോര്‍ട്ട്.
മുന്‍ ചൈനീസ് ഉപപ്രധാനമന്ത്രി ഷാങ് ഗവോലി തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഢിപ്പിച്ചെന്നാണ് വനിത ഡബിള്‍സിലെ ലോക ഒന്നാം നമ്പറായിരുന്ന പെംഗ് ആരോപിച്ചത്. നവംബര്‍ രണ്ടിന് സോഷ്യല്‍ മീഡിയ വഴി ആരോപണം ഉന്നയിച്ചതിന് പിന്നാലെ പെംഗിനെ കാണാതായി. രണ്ടാഴ്ച പിന്നിടുമ്പോഴും പെംഗിനെ പറ്റി യാതൊരു വിവരവും പുറംലോകത്തിന് അറിയില്ല. പെംഗിന്റെ വിവാദമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. താരത്തിന്റെ ആരോപണത്തില്‍ ഷാങ് ഗവോലിയും ചൈനീസ് ഭരണകൂടവും പ്രതികരിച്ചിട്ടില്ല.
പുരുഷ ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും വനിതകളിലെ അമേരിക്കന്‍ സൂപ്പര്‍ താരം സെറീന വില്യംസും അടക്കമുള്ളവര്‍ പെംഗിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. പെംഗിനായി ടെന്നീസ് ലോകം ഒന്നിക്കണമെന്നാണ് ജോക്കോയുടെ ആവശ്യം. ചൈനയില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകള്‍ ബഹിഷ്‌കരിക്കുമെന്ന് വനിത താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ചൈനീസ് ഭരണകൂടത്തിന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം സംഭവിക്കും.
അതിനിടെയാണ് ഐഒസി ചൈനയ്‌ക്കെതിരെ സ്വരം കടുപ്പിക്കുന്നത്. ഫെബ്രുവരിയിലെ ശീതകാല ഒളിംപിക്‌സിന്റെ ആതിഥ്യത്തില്‍ നിന്ന് ചൈനയെ നീക്കുന്നതടക്കമുള്ള കടുത്ത നടപടി ഐഒസിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് വിവരം.
അതേസമയം, പെംഗിന്റെ മൂന്ന് ഫോട്ടോകള്‍ ഒരു സുഹൃത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ, പെംഗിന്റേതായി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും വന്നിരുന്നു. എന്നാല്‍ ഇതൊന്നും താരത്തിന്റെ തിരോധാനം സംബന്ധിച്ച നിഗൂഢത പൂര്‍ണമായും നീക്കാന്‍ പ്രാപ്തമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.