സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ കോൺഗ്രസ് നടത്തുന്ന സമരത്തിന് എതിരെ ഇന്ന് നിയമസഭയിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടുമെന്ന് പറഞ്ഞിരുന്നു. എന്നാൽ സ്വാതന്ത്ര്യം എന്നത് സെലക്ടീവല്ലായെന്ന് പിണറായി വിജയൻ ഇതു വരെ മനസ്സിലാക്കാത്തത് ഉള്ളിൽ കിം ജോങ്ങ് ഉന്നിന്റെ ആത്മാവ് കുടികൊള്ളുന്നത് കൊണ്ടാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേൽ സി.പി.എം കടന്നുകയറ്റം നടത്തിയതിനു ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്ന് രാഹുൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണരൂപം:
സ്വാതന്ത്ര്യം എന്നത് സെലക്ടീവല്ലായെന്ന് പിണറായി വിജയൻ ഇതു വരെ മനസ്സിലാക്കാത്തത് ഉള്ളിൽ കിം ജോങ്ങ് ഉന്നിന്റെ ആത്മാവ് കുടികൊള്ളുന്നത് കൊണ്ടാണ് . കേരളത്തിലെ SFI ക്കാരൻ പറയുന്നതു പോലെ സ്വാതന്ത്ര്യത്തിന് പക്ഷപാതമില്ല ശ്രീ വിജയൻ.
താങ്കൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ചു തുടങ്ങുന്നത് കേൾക്കുവാൻ ഒരു രസമുണ്ട്.
താങ്കളുടെ ഡിക്റ്റോ കഥാപാത്രമായ ‘കൈതേരി സഹദേവനെ” അവതരിപ്പിച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയ്ക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യം താങ്കളുടെ പാർട്ടി അനുവദിച്ചിരുന്നോ? ബൂർഷ്വയെ തോല്പ്പിക്കാൻ ബൂർഷ്വയുടെ അച്‌ഛനാകണമെന്ന താങ്കളുടെ ആശയം ഏറ്റു പിടിച്ച സഹദേവനെ തിയേറ്ററിൽ കാണുവാനുള്ള സാവകാശം താങ്കളുടെ അന്തം ആരാധകർ അനുവദിച്ചിരുന്നില്ല.
കണ്ണൂരിലെ താങ്കളുടെ നേതൃത്വത്തിലെ പാർട്ടിയുടെ അക്രമ രാഷ്ട്രീയം അവതരിപ്പിച്ച “ഈട ” എന്ന സിനിമയോട് താങ്കളുടെ പാർട്ടി കാണിച്ച അക്രമം മറന്നോ?
TP ചന്ദ്രശേഖരനെ വെട്ടിയരിഞ്ഞതു പോലെ തന്നെയല്ലേ അദ്ദേഹത്തിന്റെ കഥ പറഞ്ഞ സിനിമയായ ” TP 51 ” നെയും വെട്ടിയരിഞ്ഞത്?
അങ്ങനെ ചരിത്രത്തിൽ എത്ര ഉദാഹരണമുണ്ട് ശ്രീ വിജയാ ?
‘സഖാക്കളുടെ ഒളിവിലെ ജീവിതത്തെ’ പറ്റി പറഞ്ഞതിന്റെ പേരിൽ, DYFI ക്കാരന്റെ കൈ കൊണ്ട് കരണത്തടി കൊണ്ട പോൾ സക്കറിയ, പണ്ട് അടി കൊണ്ട് വീർത്ത കവിൾത്തടം തടവിക്കൊണ്ട് വേണം വിജയന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെ കുറിച്ചുള്ള കുറിപ്പ് വായിക്കാനെന്ന് പിണറായി മറക്കരുത്.!