ചിത്തിരതിരുനാള്‍ രാജാവിന് ആറ്റിങ്ങലിലെ ഭൂമിയില്‍ അവകാശമില്ലെന്ന് റവന്യൂവകുപ്പ്. കൊട്ടാരത്തിനു സമീപം അവകാശപ്പെട്ട സ്ഥലത്തിന് തണ്ടപ്പേരില്ലെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ സ്ഥലത്തിന് കരമടച്ച് അനന്തരാവകാശികള്‍ക്ക് നല്‍കാനാകില്ലെന്ന് അറിയിച്ചു.
ആറ്റിങ്ങലില്‍ രാജകുടുംബത്തിനുണ്ടായിരുന്ന പ്രധാന കൊട്ടാരം ഇപ്പോള്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലാണ്. അതിനോടു ചേര്‍ന്നുള്ള കമാനവും 15 സെന്റ് സ്ഥലവുമാണ് രാജകുടുംബത്തിന്റേതായി അവശേഷിക്കുന്നത്. 1971-ലെ ഭാഗപത്രപ്രകാരം സ്ഥലത്തിന്റെ അവകാശി ചിത്തിരതിരുനാള്‍ രാജാവാണ്. ആറ്റിങ്ങല്‍ നഗരസഭ ഈ കമാനം രാജകുടുംബത്തിന്റെ പേര്‍ക്ക് നമ്പറിട്ട് കരം ഒഴിവാക്കി കൊടുത്തിട്ടുമുണ്ട്.
തങ്ങളുടെ കുടുംബ പരദേവതാസ്ഥാനമായ തിരുവര്‍കാട് ദേവീക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കെത്തുമ്പോള്‍ തങ്ങാനായി ഒരു വിശ്രമമന്ദിരം, ചാമുണ്ഡി പ്രതിഷ്ഠ എന്നിവ സ്ഥാപിക്കാനുദ്ദേശിച്ചാണ് രാജകുടുംബം റവന്യൂവകുപ്പിനെ സമീപിച്ചത്. ഈ സ്ഥലത്തിന് ആറ്റിങ്ങല്‍ വില്ലേജില്‍ തണ്ടപ്പേരില്ലെന്നാണ് അപേക്ഷയ്ക്കു ലഭിച്ച മറുപടി.
ഗോപുരനടയിലൂടെ ക്ഷേത്രത്തിലെ ആറാട്ട് കടന്നുപോകുന്നതിനാല്‍ പൊതുവഴിയായി ഉപയോഗിക്കുന്നു. ഇതിനാല്‍ പോക്കുവരവ് ചെയ്യാന്‍ കഴിയില്ലെന്നും അറിയിപ്പിലുണ്ട്. അവസാനത്തെ രാജാവ് ചിത്തിരതിരുനാള്‍ കരമടച്ച് തണ്ടപ്പേര്‍ പിടിച്ചില്ല എന്നാണ് റവന്യൂവകുപ്പിന്റെ കണ്ടെത്തല്‍.