Type Here to Get Search Results !

ബേബി ഡാമിലെ മരംമുറി മുഖ്യമന്ത്രിയുടെ അറിവോടെ ഉത്തരവാദി സര്‍ക്കാര്‍ തന്നെ: വി.ഡി സതീശന്‍



മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബേബി ഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണെന്ന് വി ഡി സതീശന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ സെക്രട്ടറി തന്നെയാണ് ജലവിഭവ വകുപ്പിന്റെയും അഡിഷണല്‍ ചീഫ് സെക്രട്ടറി.

ജൂണ്‍ 11 ന് തമിഴ്‌നാടിന്റെയും കേരളത്തിന്റെയും സംയുക്ത പരിശോധന മുല്ലപ്പെരിയാറില്‍ നടക്കുകയും, സെപ്റ്റംബര്‍ 17 ന് സെക്രട്ടറി തല യോഗത്തില്‍ മരംമുറിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തു. ഇക്കാര്യം സുപ്രീം കോടതിയെ കേരള സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നവംബര്‍ ഒന്നിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റൂമില്‍ യോഗം നടന്നില്ലെന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദം പൊളിക്കുന്നതായിരുന്നു വനംമന്ത്രി നിയമസഭയില്‍ വായിച്ച മിനുറ്റ്‌സ്.

ഉത്തരവിനെകുറിച്ച് അറിയില്ലെന്ന മന്ത്രിമാരുടെ വാദത്തെ സതീശന്‍ കുറ്റപ്പെടുത്തി. തന്റെ വകുപ്പില്‍ എന്താണ് നടക്കുന്നതെന്ന് അറിയാത്ത മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. സര്‍ക്കാരിന്റേത് മനപൂര്‍വ്വമായ ഗൂഢാലോചനയാണോ എന്ന് സംശയമുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഡാം മാനേജ്‌മെന്റില്‍ സര്‍ക്കാരിന് പാളിച്ച സംഭവിച്ചു. പ്രളയത്തില്‍ ജനങ്ങള്‍ക്ക് സംഭവിച്ച നഷ്ടത്തില്‍ സര്‍ക്കാരാണ് ഉത്തരവാദി. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം പോലും നടത്താതെ കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.