അധികാരികളുടെ ഒത്താശയോടെ അമിതഭാരം കയറ്റിയ വാഹനങ്ങളുടെ രാത്രിയും പകലുമെന്നില്ലാതെ നിരന്തര ഓട്ടം കാരണം റോഡ് തകർന്നെന്ന പരാതിയുമായി നാട്ടുകാർ. ദേശീയപാതയിലൂ
പാറശ്ശാലയിൽ നിന്ന് ദേശീയ പാതയിലൂടെ വരുന്ന അമിതഭാരം കയറ്റിയ വാഹനങ്ങൾ
ഉദിയൻകുളങ്ങര എത്തുമ്പോൾ ഇടത്തേയ്ക്ക് തിരിഞ്ഞ് വട്ടവിള കാട്ടിലുവിള വഴി പിരായുംമൂട് എത്തുന്നു. വട്ടവിളയിൽ തകർന്ന കുഴിയിൽ വീണ് അപകടങ്ങൾ പതിവായതോടെ പൗരസമിതിയുടെ നേതൃത്വത്തിൽ രാത്രിയിൽ അമിതഭാരം കയറ്റിവന്ന വാഹനങ്ങൾ തടഞ്ഞ് പ്രതിക്ഷേധിച്ചിരുന്നു.ഇതിനെ തുടർന്ന് നെയ്യാറ്റിൻകര ആർടിഒ യുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി.എന്നാൽ പാറശ്ശാല ആർടിഒ ഒരു നടപടിയും എടുക്കാതെ വ്യാജൻമാർക്കും അമിതഭാരം കയറ്റി വരുന്ന വാഹനങ്ങൾക്ക് എല്ലാ സഹായവും ചെയ്യുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
രണ്ട് വർഷം മുൻപ് കിഫ്ബി ഫണ്ടുപയോഗിച്ച് നല്ല ഗുണനിലവാരത്തിൽ പണിത റോഡാണ് തുടർച്ചയായ ശക്തമായ മഴയിലും തുടർന്ന് അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിരന്തര ഓട്ടത്തിലും തകർന്നത്.അനുവദിച്ചിട്ടുള്ള അളവിലും ഇരട്ടിയോളം ചരക്ക് ഭാരം വഹിച്ചാണ് ദിനംപ്രതി ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. മഴ പെയ്തു കഴിഞ്ഞാൽ റോഡിലെ കുഴികൾ അറിയാത്ത രീതിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ ദൂരദേശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ അപകടത്തിലാകുന്നത് ഇവിടെ പതിവ് കാഴ്ചയാണ് . റോഡിൻ്റെ കേടുപാടുകൾ പരിഹരിച്ച് കുഴികൾ നികത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഉന്നത അധികാരികൾക്ക് പൗരസമിതിയുടെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്. വാഹനങ്ങൾ ഇതുവഴി കടത്തിവിടാൻ സഹായിക്കുന്നതിൻ്റെ പേരിൽ ചില പ്രാദേശിക രാഷ്ടീയ നേതാക്കൾ "വീട് കത്തുമ്പോൾ വാഴ വെട്ടുന്ന" നിലപാടെടുത്ത് വാഹന ഉടമസ്ഥരിൽ നിന്ന് പണം പറ്റുന്നതായും നാട്ടുകാർക്കിടയിൽ ചർച്ചയാകുന്നതായി ആക്ഷേപമുണ്ട്.
ഇന്നലെ പുലർച്ചേ നെയ്യാറ്റിൻകരയിലെ ചെക്ക് പോസ്റ്റുകൾ ബെപ്പാസ് ചെയ്ത് പരിശോധനകൾ നടത്തി,പരിശോധനയിൽ പിടിയിലായ വാഹനങ്ങളിൽ പലതും
രേഖകളിൽ കൃത്രിമവും , ഒരേ നമ്പരിൽ ഒന്നിലധികം വണ്ടികൾ ഓടുന്നതായും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇങ്ങനെ ഒരേ രജിസ്റ്റർ നമ്പരിൽ ഒന്നിലധികം സർവീസ് നടത്തുന്ന ഭീമൻ ട്രക്കുകൾ കസ്റ്റഡിയിൽ എടുത്തേയ്ക്കും. വിഴിഞ്ഞം പദ്ധതിയുടെ മറവിൽ വ്യാജ പാസ്സ് ഉപയോഗിച്ച് ചില ഭീമൻ ട്രക്കുകളും നിയമം ലംഗിച്ച് യാത്ര നടത്തുന്നുണ്ട് .
പിരായും മൂട്, മാമ്പഴക്കര, ഓലത്താന്നി, പഴയകട എന്നീ ഇട റോഡുകളിലൂടെ എംസാൻഡ് മെറ്റൽ എന്നിവയുമായി അമിതഭാരം കയറ്റി വന്ന 5 വാഹനങ്ങൾ പിടികൂടുകയും അമിത ഭാരത്തിനും, പെർമിറ്റ്, ടാക്സ് എന്നിവ അടയ്ക്കാതിനുമായി പിഴയിനത്തിൽ 2,36,300/(രണ്ട് ലക്ഷത്തി മുപ്പത്താറായിരത്തി മുന്നുറ് രൂപ) ഈടാക്കി. ഇതിൽ വാഹനത്തിൽനിന്ന് മാത്രം 1,00 800/- (ഒരുലക്ഷത്തി എണ്ണൂറ് രൂപ) പിഴയിനത്തിൽ ഈടാക്കി. നെയ്യാറ്റിൻകര മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ശ്രീ. മധുകുമാർ ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ മാരായ ശ്രീ. ഷംനാദ് എസ്.ആർ., ശ്രീ. വിനോദ് എ. ഒ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും ഇത്തരത്തിൽ അമിതഭാരം കയറ്റുന്നവർക്കെതിരെ പരിശോധന കർശനമാക്കുമെന്നും നെയ്യാറ്റിൻകര ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സന്തോഷ് കുമാർ സിഎസ് അറിയിച്ചു.