ഭർത്താവിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയുടെ കാമുകനെ വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തു. കേസിൽ രണ്ടുവർഷമായി ഒളിവിലായിരുന്ന നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടിൽ കെ.വിഷ്ണു(30)വാണ് അറസ്റ്റിലായത്.
2019 സെപ്റ്റംബർ എട്ടിനാണ് വിളപ്പിൽശാല പുറ്റുമ്മേൽക്കോണം ചാക്കിയോടുള്ള വീട്ടിൽ ഡ്രൈവറായ ശിവപ്രസാദിനെ (35) തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തച്ചോട്ടുകാവിലെ ഗ്യാസ് ഏജൻസിയിൽ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യ അഖില, അവിടത്തെ ജീവനക്കാരൻ വിഷ്ണുവുമായി അടുപ്പത്തിലായി.
ഇവർ തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരിൽ, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പോലീസ് പറഞ്ഞു