കോവിഡ് പ്രതിസന്ധി കാരണം അന്യസംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്ന ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യ ധാന്യങ്ങൾ ചെറിയ വിലയ്ക്ക് വാങ്ങി സംസ്ഥാനത്ത് വിറ്റ് ഉദ്യോഗസ്ഥർ വൻതുക കമ്മീഷൻ തട്ടുന്നു എന്ന ആരോപണങ്ങൾക്കിടയിലാണ് വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്. മാനന്തവാടി മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷൻ കടയിൽ നിന്നും വാങ്ങിയ അരിയിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ചാക്കഴിച്ച് നോക്കിയപ്പോഴാണ് ചത്ത പാമ്പിനെ കണ്ടെത്തിയതെന്ന് പറയുന്നു.
50 കിലോ അരിയുടെ ചാക്കിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്.പായ് യ്ക്ക് ചെയ്ത ചാക്കിനുള്ളിൽ പാമ്പ് എങ്ങനെ കയറിയെന്ന സംശയത്തിൽ റേഷൻ കട ഉടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു.റേഷൻ കടക്കാരൻ അറിയിച്ചതിനെ തുടർന്ന് റേഷൻ ഇൻസ്പെക്ടർ ബിന്നിയുടെ വീട്ടിലെത്തി പരിശോധന നടത്തി. തിടങ്ങഴി റേഷൻ കടയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും ഇവർ വാങ്ങിയ ശേഷം പാമ്പ് ചാക്കിനുള്ളിൽ കയറിയതാവാമെന്നും സിവിൽ സപ്ലൈസ് വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.