റോഡുകളിലെ കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കരാറുകാരനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് നടന്‍ ജയസൂര്യ. പല ഭാഗങ്ങളിലും വളരെ മോശം റോഡുകളാണ് ഉള്ളത്. റോഡ് നികുതി അടയ്ക്കുന്ന ജനങ്ങള്‍ക്ക് നല്ല റോഡ് വേണം എന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മഴയാണ് റോഡ് അറ്റകുറ്റപണിയുടെ തടസം എന്ന വാദം ജനങ്ങള്‍ അറിയേണ്ട കാര്യം ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
റോഡിലെ കുഴികളില്‍ വീണ് അപകടം ഉണ്ടാകുമ്പോള്‍ കരാറുകാരനെതിരെ കേസ് എടുക്കണം എന്ന് അദ്ദേഹം ചോദിച്ചു. ടോള്‍ കാലാവധിയുടെ കാര്യത്തിലും വ്യക്തമായ നടപടി വേണം. കാലാവധി കഴിഞ്ഞാല്‍ ടോള്‍ ഗേറ്റുകള്‍ പൊളിച്ച് കളയുകതന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.2013ല്‍ ജയസൂര്യ ശോചനീയമായ റോഡ് സ്വന്തം ചിലവില്‍ നന്നാക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
എറണാകുളത്തെ മേനക ജങ്ഷനിലെ റോഡിലാണ് നടന്‍ സ്വന്തം ചിലവില്‍ റോഡ് അറ്റക്കുറ്റപ്പണി ചെയ്തത്. തുടര്‍ന്ന് നടനെതിരെ ആ സമയത്തെ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞും കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മിണിയും രംഗത്ത് വരുകയും ചെയ്തു.