Type Here to Get Search Results !

ഇതുപോലുള്ള റെയ്‌ഡുകൾ ഇന്ത്യയുടെ എല്ലാ ഭാഗത്തും നടത്തേണ്ടതാണ് ; കുറിപ്പ്

കാൺപൂരിലെ രാഷ്ട്രീയനേതാവും അത്തർ വ്യവസായിയുമായ പീയുഷ് ജയിനിന്റെ വീട്ടിലെ റെയ്‌ഡിൽ ലഭിച്ചത് 177 കോടി രൂപയുടെ കറൻസി നോട്ടുകൾ മാത്രം

കാൺപൂരിലെ രാഷ്ട്രീയനേതാവും അത്തർ വ്യവസായിയുമായ പീയുഷ് ജയിനിന്റെ വീട്ടിലെ റെയ്‌ഡിൽ ലഭിച്ചത് 177 കോടി രൂപയുടെ കറൻസി നോട്ടുകൾ മാത്രം. മറ്റു സ്വത്തുവകകളുടെ അന്വേഷണം ഇപ്പോഴും തുടരുന്നു.


ഇതുപോലുള്ള റെയ്‌ഡുകൾ ഇന്ത്യയുടെ എല്ലാ ഭാഗത്തും നടത്തേണ്ടതാണ്. രാഷ്ട്രീയനേതാക്കൾ, ഉന്നത അധികാരികൾ,കോർപ്പറേറ്റ് ഭീമന്മാർ, ക്വാറി ഉടമകൾ, അതിർത്തി ചെക്ക് പോസ്റ്റുകൾ ,ജിയോളജി - മൈനിംഗ്, എക്സൈസ് , വില്ലേജ് ഓഫീസ് ,RTO, ലേബർ ഓഫീസ് എന്നിവിടെയെല്ലാം ജോലിചെയ്യുന്ന ഉദ്യോഗസ്ഥരും അധികാരികളുമുൾപ്പെടെയുള്ളവരെ കൃത്യമായി നിരീക്ഷിക്കുകയും അവരിലെ അഴിമതിക്കാർക്ക് മേൽ ഇതുപോലുള്ള മിന്നൽ റെയ്‌ഡുകൾ നടത്തേണ്ടതും അനിവാര്യമാണ്.


കൈക്കൂലിയും അഴിമതിയും ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാൻ ഇതുവഴി കഴിഞ്ഞേക്കാം. അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന വിവരാവകാശ നിയമം (RTI act ) ഏതു രീതിയിൽ മറികടക്കാം എന്ന ഗവേഷണത്തിലാണ് ഇപ്പോൾ പല അധികാരികളുമെന്ന് കരുതേണ്ടിയിരിക്കുന്നു.


RTI നിയമപ്രകാരം വിവരം ചോദിച്ചാൽ ആദ്യം പല SPIO മാരും അത് തരാറില്ല. ഒന്നാം അപ്പീലിലോ,രണ്ടാം അപ്പീലിലോ മാത്രമാണ് ചില വിവരമെങ്കിലും ലഭിക്കുന്നത്. അപ്പോഴേക്കും സമയം ഏറെ കഴിഞ്ഞിരിക്കും. പലരും ഉദ്യോഗസ്ഥരെ ഭയന്നോ മടുപ്പുതോന്നിയോ അപേക്ഷകൾ തന്നെ അയക്കുന്നത് അവസാനിപ്പിക്കുന്നു. അഴിമതിക്കാർ ആഗ്രഹിക്കുന്നതും അതൊക്കെത്തന്നെയാണ്. വിവരാവകാശ കമ്മീഷനിലാകട്ടെ നീതില ഭിക്കാൻ വലിയ കാലതാമസവുമാണ്.


ഭരണം മാറിമാറിവന്നാലൂം നിയമങ്ങൾ പുതുതായി സൃഷ്ടിച്ചാലും ഉദ്യോഗസ്ഥവൃന്ദം പലപ്പോഴും ഒറ്റക്കെട്ടാ ണെന്ന് മനസ്സിലായിട്ടുണ്ട്. ഉദാഹരണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവരാവകാശനിയമം അനുസരിച്ച്  ഒരപേക്ഷ നൽകിനോക്കുക.


നിങ്ങൾ ആവശ്യപ്പെടുന്ന വിവരം ഈ ഓഫീസിൽ ലഭ്യമല്ലെന്നു കാട്ടി അവരത് പലവകുപ്പുകളിലേക്കയച്ച തായി നമുക്ക് മറുപടി ലഭിക്കും. എന്നാൽ ആ വകുപ്പുകളിലും ഈ വിവരങ്ങൾ ലഭ്യമല്ല എന്ന മറുപടിയും പിന്നാലെ പ്രതീക്ഷിക്കാം.. അതാണനുഭവം. ഇതൊന്നും ഒരുപക്ഷേ മുഖ്യമന്ത്രിപോലും അറിയുന്നുണ്ടാകില്ല.


ഇതുപോലെയുള്ള റെയ്‌ഡുകൾ സംസ്ഥാന ആന്റി കറപ്‌ഷൻ - വിജിലൻസ് വിഭാഗങ്ങൾക്കും നടത്താവുന്ന താണ്. അതുവഴി അഴിമതിനടത്തിയാൽ കുടുങ്ങും എന്ന പ്രതീതി അഴിമതിക്കാരായ ഉദ്യോഗസ്ഥരിലും അധികാരികളിലും സൃഷ്ടിക്കാൻ കഴിയും.


ആളുകളിൽനിന്നും കൈക്കൂലി വാങ്ങിയതിന്റെ പേരിൽ പല ഉദ്യോഗസ്ഥരെയും അഴിമതിവിരുദ്ധ സ്‌ക്വാഡ് പിടികൂടി അവരെ സസ്‌പെൻഡ് ചെയ്തതായുമുള്ള വാർത്തകൾ നമ്മൾ മിക്ക ദിവസവും പത്രദൃശ്യമാദ്ധ്യമങ്ങളിൽ വായിക്കുകയും കാണുകയും ചെയ്യുന്നതാണ്. എന്നാൽ പിന്നീടതിൽ ഒരു ചുക്കും സംഭവിക്കാറില്ല എന്ന സത്യം എത്രപേർക്കറിയാം ? സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് കൂടുതൽ കരുത്തോടെ അവർ സർവീസിൽ കയറുകയും പ്രൊമോഷൻ നേടി ഉന്നതപദവിയിലെത്തുകയും ചെയ്യാറുണ്ടെന്നതാണ് യാഥാർഥ്യം.


കൈക്കൂലി കേസുകളിൽ പിടികൂടുന്നവരുടെ വീടുകൾ റെയ്‌ഡ്‌ ചെയ്യാൻ കൂടി മുതിർന്നാൽ വരവിൽ ക്കവിഞ്ഞ അവരുടെ സ്വത്തുവകകൾ കണ്ടെത്താനും അവർക്കെതിരേ ശക്തമായ നിയമനടപടി കൈക്കൊള്ളാനും അതുവഴി അത്തരം അഴിമതിവീര ന്മാർ വീണ്ടും സർവീസിൽ കയറുന്നത് തടയാനും കഴിയുന്നതാണ്.


പക്ഷേ ചോദ്യമിതാണ് .." പൂച്ചയ്ക്കാര് മണികെട്ടും " ?

Prakash Nair Melila