Type Here to Get Search Results !

ബാലുശ്ശേരിയിലെ ഡ്രസ്സ് കോഡ്; ഇടതരും വലതരും പുരോഗമനവാദിയും സ്വതന്ത്ര ചിന്തകരും മതമൗലികവാദികളും എല്ലാവരും അഭിപ്രായം പറയുന്നത് , കുറിപ്പ്

Baluseri school dress code

സമൂഹമാധ്യമങ്ങളിൽ ചർച്ചയായ വിഷയം  ബാലുശ്ശേരിയിലെ ഡ്രസ്സ് കോഡ് ...  ഒരുപാട് പേരുടെ കുറിപ്പുകൾ വായിച്ചു. ഇടതരും വലതരും പുരോഗമനവാദിയും സ്വതന്ത്ര ചിന്തകരും മതമൗലികവാദികളും  എല്ലാവരും അഭിപ്രായം പറയുന്നത് കേട്ടു.


ഇതിൽ നിന്നും എനിക്ക് മനസ്സിലായ കാര്യം, പെൺകുട്ടികൾ പാന്റ് ഇട്ടതും, ഇനി മറ്റെന്തെങ്കിലും ഇടുന്നതും ഒന്നുമല്ല ഇവിടെ ചിലരെ അസ്വസ്ഥരാക്കിയത്. ഒരു പാന്റ് ഇട്ടാൽ പുരോഗമനം ഒന്നും വരില്ല എന്ന് എനിക്കും നല്ല ബോധ്യമുണ്ട്. അതുകൊണ്ട് ഇവിടെ ലിംഗനീതി പുലരും എന്നു ഞാനും കരുതുന്നില്ല. പക്ഷേ അവിടെ സംഭവിച്ചത് ഒരു മാറ്റം ആണ്.


മാറ്റങ്ങളെ അംഗീകരിക്കാനുള്ള   ഉള്ള വൈഷമ്യം ആണ് പലരുടെയും വാക്കുകളിൽ കൂടി ഞാൻ കണ്ടത്. മാറ്റം നല്ലത് ആകാം ചീത്ത ആകാം ചിലപ്പോൾ ന്യൂട്രൽ  ആകാം. മാറ്റമില്ലാതെ  ജഡ തുല്യമായ അവസ്ഥയിൽ സമൂഹം നിൽക്കുന്നതാണ് ഭൂരിപക്ഷം ആളുകൾക്കും ഇവിടെ താല്പര്യം. ഒന്നിലും മാറ്റം വരാൻ പാടില്ല...


എന്റെ സ്കൂൾ കാലത്ത്  പെൺകുട്ടികൾക്ക് മുടി പിന്നിയിടുന്നതിന് പ്രത്യേക ഇൻസ്ട്രക്ഷൻ കൊടുക്കുമായിരുന്നു. എയ്ഡഡ് സ്കൂൾ/ സ്വകാര്യ സ്കൂൾ ഒന്നുമല്ല സർക്കാർ സ്കൂളിലെ കാര്യമാണ് പറയുന്നത്. പെൺകുട്ടികൾ മുടി വളർത്തിക്കോണം എന്നത് എന്ത് നിയമമാണ്? അങ്ങനെ എന്തെങ്കിലും നിയമം ഇവിടെ ലിഖിതമായി നിലനിൽക്കുന്നുണ്ടോ? മുസ്ലീങ്ങൾ സുന്നത്ത് കല്യാണം കഴിക്കുന്നത് വലിയ പ്രശ്നമായി കരുതുന്ന പലരും പെൺകുട്ടികളുടെ കാതുകുത്തുന്നത് അതുപോലെ പറഞ്ഞു കേൾക്കാറില്ല. കുട്ടികളുടെ സമ്മതം വാങ്ങിയിട്ട് ആണോ ഇത് ചെയ്യുന്നത്? വിശാലമായി, മതപഠനം ഒക്കെ  പ്രായപൂർത്തി ആയിട്ട് മതി എന്ന് പറയുന്നവർ പോലും കാതുകുത്തും  മൂക്കു കുത്തും ഒക്കെ പ്രായപൂർത്തി ആയിട്ട് അവർക്ക് താല്പര്യം ഉണ്ടെങ്കിൽ പോരെ എന്ന് പറയാൻ ധൈര്യം കാണിക്കാറില്ല.


ലിംഗനീതിയുടെ കാര്യം പറയുമ്പോൾ സ്വതന്ത്ര ചിന്തകർ എന്ന് പറയുന്നവർക്ക് പോലും  ബൈനറി സ്റ്റീരിയോടൈപ്പ് ചിന്താഗതിയിൽ നിന്ന് മുക്തരാവാൻ കഴിയുന്നില്ല. ആണിനെ  നോക്കുന്ന പെണ്ണും പെണ്ണിനെ നോക്കുന്ന ആണും മാത്രമാണ് ഇവരുടെയൊക്കെ തലച്ചോറിൽ ഇപ്പോഴും ഉള്ളത്. അങ്ങനെ പരസ്പര ആകർഷണം കിട്ടാത്ത അസ്വസ്ഥത ഉള്ള ആളുകളാണ് ഇത്തരം ലിംഗ നീതികളെ വലിയ രീതിയിൽ മഹത്വവൽക്കരിക്കുന്ന എന്ന് ഒരാൾ എഴുതി കണ്ടു. പ്രിയ സുഹൃത്തുക്കളെ....  ആണിനെ ആകർഷിക്കാൻ ശ്രമിക്കുന്ന ആണും പെണ്ണിനെ ആകർഷിക്കാൻ ശ്രമിക്കുന്ന പെണ്ണും ഇവിടെയുണ്ട്. അവരെയൊക്കെ നിങ്ങൾ ഏത് അക്കൗണ്ടിൽ പെടുത്തും?


ഇത്രയുമൊക്കെ നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ തന്നെ വഴിയൊരുക്കിയത് ആ സ്കൂളിൽ നടന്ന മാറ്റമാണ്. അതിനെ ഒരിക്കലും അടിവരയിട്ടുകൊണ്ട് ഇതാണ് ശരി ഇത് മാത്രമാണ് ശരി ഇതു വലിയ സമത്വമാണ്.. എന്നൊക്കെ പറഞ്ഞ് അവിടെ വച്ച് എല്ലാം നിർത്തിയാൽ അത് തെറ്റാണ്. പകരം ഇനിയും ചർച്ചകൾ വരട്ടെ പുതിയ മാതൃകകൾ വരട്ടെ പലതും മാറിക്കൊണ്ടേയിരിക്കും മാറാതെ ഉള്ള സമൂഹത്തെ ആണ് നമ്മൾ എപ്പോഴും ഭയപ്പെടേണ്ടത്. അവിടെയാണ് ഫാസിസം നമ്മൾ പോലും അറിയാതെ രൂപപ്പെടുന്നത്.


ഭരണത്തിൽ മാത്രമല്ല സംസ്കാരത്തിലും ഉണ്ട് ഫാസിസം. അത്  പൊതുബോധത്തിൽ കൂടി ഒരു സമൂഹത്തെ നിയന്ത്രിക്കാൻ ശേഷി ഉള്ളതാണ്. നിർമത വാദവും പിന്നെ നിരീശ്വരവാദവും ഒക്കെ അടിച്ചേൽപ്പിക്കാൻ കഴിയും, എന്നാൽ സ്വതന്ത്ര ചിന്ത ഒരിക്കലും അടിച്ചേൽപ്പിക്കാൻ കഴിയുന്ന ഒന്നല്ല. അത് ജനങ്ങളിൽ നിന്ന് ഉണ്ടായി  താഴെത്തട്ടിൽ നിന്ന് മുകളിലേക്ക് വളർന്നു വരേണ്ട ഒന്നാണ്. അത് എപ്പോഴും  നമ്മൾ പോലുമറിയാതെ  നിരന്തര മാറ്റങ്ങൾക്ക്  വിധേയമായിക്കൊ ണ്ടിരിക്കുകയും ചെയ്യും.


ഒരുപാട് കാലം മാറ്റമില്ലാതെ കെട്ടിക്കിടന്ന മലിനജലം പോലെയാണ് നമ്മുടെ സമൂഹം. അതിലേക്ക് വലിച്ചെറിഞ്ഞ ഒരു ചെറിയ കല്ല് ആയിട്ട് കരുതിയാൽ മതി ബാലുശ്ശേരി സ്കൂളിലെ കാര്യം.


പെൺകുട്ടികൾക്ക് മാത്രം മാറ്റം വരുത്തിയാൽ,  എങ്ങനെ ലിംഗനീതി ആകും എന്ന് ചോദിക്കുന്നവരോട്... നിങ്ങളുടെ മുമ്പിൽ കൂടി ഒരു  പയ്യൻ  കണ്ണെഴുതി പൊട്ട് തൊട്ട്  പോകുന്നത് കണ്ടാൽ നിങ്ങൾക്ക് വല്ലാത്ത അസ്വസ്ഥത ഫീൽ ചെയ്യുമോ? ആൺ എന്നാൽ ഇന്ന വേഷമാണ് എന്ന് നമ്മുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒരു ചിന്ത കൊണ്ട് മാത്രമാണ് അങ്ങനെ ഒരു അസ്വസ്ഥത ഉടലെടുക്കുന്നത്. അതിനപ്പുറമുള്ള ഒന്നിനെയും അംഗീകരിക്കാൻ തുടക്കത്തിൽ നമുക്ക് സാധിക്കില്ല എന്നാൽ അത് കണ്ടു ശീലിച്ചാൽ പതിയെപതിയെ നമ്മൾ അതിനെ നമ്മൾ പോലും അറിയാതെ സ്വീകരിക്കുന്ന സാഹചര്യമുണ്ടാകും. അതാണ് ഞാൻ മുകളിൽ സൂചിപ്പിച്ച നിരന്തര മാറ്റത്തിന്റെ കരുത്ത്.


പിന്നെ നമ്മുടെ നാട്ടിലെ ചിന്താഗതിയെ പറ്റി ഞാൻ പലകുറി പറഞ്ഞിട്ടുണ്ട്. ഒരു പുരുഷൻ മുട്ടിനേക്കാൾ ഇറക്കം കുറഞ്ഞ ഷോർട്സ് ഇട്ടു നടന്നാൽ കുരു പൊട്ടിക്കുന്ന സദാചാരവാദികൾക്ക് ഷഡ്ഡി കാണുന്ന വിധത്തിൽ പൊക്കി മുണ്ടുടുത്ത് നടന്നാൽ പ്രശ്നമല്ല. കാരണം മുണ്ട് അവരുടെ സംസ്കാരത്തിന്റെ ചിഹ്നം ആണത്രേ!  ഇവിടെ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇത്തരം സദാചാര ഓഡിറ്റിങ്ങിന് വിധേയരാകുന്നുണ്ട്. മുടിയും താടിയും  വളർത്തിയ ആൺകുട്ടികളെ / യുവാക്കളെ എന്തൊക്കെ ചാപ്പകുത്തി ആണ് സമൂഹം കളിയാക്കുന്നത്? ടാറ്റൂ അടിച്ചാൽ കുറ്റം, കല്യാണം കഴിച്ചില്ല എങ്കിൽ കുറ്റം, നേരത്തെ കഴിച്ചാൽ കുറ്റം.... അതും മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള മടി കൊണ്ടാണ്.


എല്ലാ ലിംഗക്കാരും  ഇത്തരം വിവേചനങ്ങൾക്കും കളിയാക്കലുകൾക്കും സദാചാര റാഗിംഗിനും ഒക്കെ നമ്മുടെ നാട്ടിൽ  ഇരയാകുന്നുണ്ട്. എന്നാൽ അതിൽ തന്നെ ഭിന്നലിംഗക്കാരും സ്ത്രീകളും  തന്നെയാണ് ഏറ്റവും കൂടുതൽ ഇതിന് ഇരയാകുന്നത്. അതുകൊണ്ടുതന്നെ  മാറ്റം തുടങ്ങുമ്പോൾ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന അവരിൽ നിന്നു തന്നെ തുടങ്ങണം എന്നതാണ് അതിന്റെ ശരി. അഞ്ചാറു വർഷം മുമ്പ്  അടക്കിപ്പിടിച്ച ചിരിയും തോണ്ടലും കളിയാക്കലും കൂവലും ഒക്കെ കേട്ട് തലതാഴ്ത്തി ഒളിഞ്ഞും മറഞ്ഞും ജീവിച്ച ട്രാൻസ്ജെൻഡർ മനുഷ്യരെ പോലെയല്ല ഇപ്പോഴത്തെ ട്രാൻസ്ജെൻഡർ വ്യക്തികൾ. അവർക്ക് അഭിമാന ബോധം കൈവന്നത് മാറ്റങ്ങളിലൂടെയാണ്. തങ്ങൾക്ക് ഒന്നും കുറവുള്ളത് അല്ല, ഇവിടെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ഉള്ള അവകാശം ഉള്ളവർ തന്നെയാണ് എന്ന് ബോധ്യം ഉള്ളിൽ കയറിയാൽ പിന്നെ അവർക്ക് എന്താണ് പ്രശ്നം? ആ മാറ്റം എല്ലാവരിലും വന്നുകഴിഞ്ഞാൽ നമ്മുടെ സമൂഹവും  പുരോഗമിച്ചു എന്നു പറയാം.


ലിംഗനീതി എന്നത് ഒരിക്കലും 'എ '  പിന്നെ 'ബി ' എന്ന രണ്ടു ബിന്ദുക്കളുടെ  ഉള്ളിൽ നിന്നും മാത്രം ചർച്ച ചെയ്യേണ്ട വിഷയമല്ല. ഒന്നുകിൽ ബിക്കിനി അല്ലെങ്കിൽ പർദ്ദ എന്ന വാദവുമായി ഫെയ്സ്ബുക്കിൽ    വരുന്ന ചില മതമൗലികവാദികളെ കണ്ടിട്ടില്ലേ? അതുപോലെ ആകരുത് നമ്മുടെ ചർച്ചകൾ.


സമൂഹം നിരന്തരം മാറട്ടെ മാറ്റങ്ങൾക്ക് തടയിടാതിരിക്കുക, കാലം മുന്നോട്ടു കുതിക്കട്ടെ. 


 🔶 ദിപിൻ ജയദീപ്