Type Here to Get Search Results !

ക്രിസ്‌തു കഴിഞ്ഞാൽ ക്രിസ്‌മസുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രധാന ഐതിഹ്യ പുരുഷൻ സാന്താക്ലോസാണ് ;. കുറിപ്പ്

Christmas

ക്രിസ്‌തു കഴിഞ്ഞാൽ ക്രിസ്‌മസുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രധാന ഐതിഹ്യ പുരുഷൻ സാന്താക്ലോസാണ്. ക്രിസ്ത്യാനികൾ  ക്രിസ്തുമസ് ഹൈജക്ക് ചെയ്യും മുമ്പേ ക്രിസ്‌മസുമായി ബന്ധപ്പെട്ട പ്രധാന മിത്തുകളിൽ ഒന്നായി സാന്താക്ളോസ് മാറിയിരിന്നു എന്നുതന്നെ പറയാം. ആദ്യ നൂറ്റാണ്ടുകളിലൊന്നും ഇല്ലാതിരുന്ന ഈ മിത്ത് പ്രചാരത്തിൽ വന്നത് എങ്ങിനെയാണ് എന്ന് പരിശോധിക്കാം.


നോർഡിക് – സ്‌കാൻഡിനേവ്യൻ മിത്തുകളിൽനിന്ന് വന്നതാണ് സാന്താക്ളോസ്. ക്രിസ്‌തുമതം ഉണ്ടാകുന്നതിനു മുമ്പേ പ്രചാരത്തിൽ ഉണ്ടായിരുന്ന നോർഡിക്ക് അനുഷ്ടാനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഒരു കഥാപാത്രമായിരുന്നു സാന്താക്ളോസ്.


നല്ലകുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും അനുസരിക്കാത്ത വഴക്കാളി കുട്ടികൾക്ക് കടുത്ത ശിക്ഷയും നൽകുന്ന ഒരു കഥാപാത്രം.പതിനൊന്നാം നൂറ്റാണ്ടിനു ശേഷം, ക്രിസ്‌തുമതം ഫിൻലന്റിൽ എത്തിയതിനു ശേഷമാണ് നോർഡിക് ദേശത്തെ ഈ പ്രാദേശിക മിത്ത് ക്രിസ്‌മസുമായി ബന്ധിക്കപ്പെടുന്നത്.


ഫിന്നീഷ് ഭാഷയിൽ യൗളു എന്നാണ് വിന്റർ സോൾസ്റ്റൈസ് അറിയപ്പെടുന്നത്. ഇപ്പോഴും ക്രിസ്‌മസ്‌ എന്ന പദമല്ല, പണ്ടുമുതൽ ഉപയോഗിച്ചുവന്ന യൗളു എന്ന വാക്കു തന്നെയാണ് ഫിൻലന്റിൽ ഈ ഉത്സവത്തിന്റെ പേര്. സാന്താക്ലോസിന്റെ ആദിമ ഫിന്നിഷ് രൂപമായ യോളോപുക്കി ഫെർട്ടിലിറ്റിയുടേയും പുനരുൽപാദനത്തിന്റെയും പ്രതീകവും ആയിരുന്നു. ഇപ്പോഴത്തെ സാന്താക്ലോസ് ഐതിഹ്യത്തിൽ പോലും വടക്കൻ യൂറോപ്പിൽ മാത്രമുള്ള റെയിൻഡിയർ വലിക്കുന്ന വണ്ടിയിലാണ് സാന്താക്ലോസ് വരുന്നത്.


ഇന്നത്തെ സാന്താക്ലോസിന്റെ രൂപമായ തുടുത്ത കവിളും ചുവന്ന കുപ്പായവും നീണ്ട വെള്ളത്താടിയും മിഷിഗനിൽ ജനിച്ച ഒരു അമേരിക്കൻ ചിത്രകാരനായ സാന്റോണ്‍ സുണ്ട്ഗ്ലോം (1899-1975) ആണ് രൂപപ്പെടുത്തിയത്. 1930-കളിൽ കൊക്കകോള കമ്പനിയുടെ പരസ്യത്തിനു വേണ്ടിയാണ് ഈ രൂപം അദ്ദേഹം വരച്ചുണ്ടാക്കിയത്.


വളരെ വിജയകരമായിതീർന്ന ഈ പരസ്യം പ്രത്യക്ഷപ്പെട്ടതിനുശേഷം ലോകത്തെന്പാടും സാന്താക്ലോസിന്റെ രൂപം അതനുസരിച്ച് മാറി. പഴയ സാന്താക്ലോസിന്റെ രൂപം – രോമക്കുപ്പായം പുറം തിരിച്ചു ധരിക്കുന്ന മുഖംമൂടി അണിഞ്ഞ, റെയിൻഡിയർ കൊന്പു കൊണ്ട് തല അലങ്കരിക്കുന്ന പഴയ സാന്താക്ലോസ് – അപ്രത്യക്ഷനായി. യേശുക്രിസ്‌തുവിന്റെ രൂപമായി ഇന്ന് പ്രചാരത്തിലുള്ള ചിത്രം പോലെ ഒരു രൂപ പരിണാമം! ബൈബിൾ കഥ പ്രകാരമുള്ള അറബ് ദേശത്തുള്ള യഹൂദനായ യേശുക്രിസ്‌തുവിന് യൂറോപ്യൻമാരുടെ നിറവും രൂപവും ഒഴുകുന്ന ചെമ്പൻ മുടിയുമൊക്കെ കിട്ടിയത് ചിത്രകാരന്മാരുടെ ഭാവനയുടെ ഫലമായാണ്‌. സാന്താക്ലോസ് അക്ഷരാർഥത്തിൽ കൊക്കകോളയുടെ പരസ്യത്തിലെ രൂപം സ്വീകരിച്ചു.


ശീതകാലത്തിന്റെ സൂര്യന്റെ പുനരാഗമനം സൂചിപ്പിക്കുന്ന ശീതകാലോത്സവം (Winter Solstice) ആണ് ക്രിസ്‌മസ്‌ എന്നത് ഇവിടെ എത്ര പേർക്ക് അറിയാം? 


ഈ ഉത്സവത്തിന്റെ അറിയപ്പെടുന്ന ഏറ്റവും പഴയ പേര് – വെളിച്ചത്തിന്റെ ഉത്സവം – എന്ന് അതിനെ വിളിക്കുന്നവരും ലോകത്തുണ്ട് . എല്ലാ ഉത്സവങ്ങളും രൂപപ്പെട്ടത് പ്രകൃതിയുമായി ബന്ധപ്പെട്ടാണ്. അവയെ വീണ്ടെടുക്കുകയും മതേതരമായി ആഘോഷിക്കുകയും ചെയ്യാൻ നമുക്ക് കഴിയേണ്ടതാണ്. എന്ത് പേരിൽ ആയാലും ആഘോഷങ്ങൾ സന്തോഷം  നിറയ്ക്കട്ടെ..


Btb എന്റെ ബാല്യകാലത്തെ ഓർമ്മകളിൽ കേക്കിന്റെ മധുരവും  മഞ്ഞും കരോൾ  മേളവും ഒക്കെ നിറഞ്ഞു നിൽപ്പുണ്ട്. ഓരോ ഡിസംബർ 25 കളും അതൊക്കെ തൊട്ടുണർത്തി  മാത്രമേ കടന്നു പോകാറുമുള്ളൂ... 😍


◾️ദിപിൻ ജയദീപ്