Type Here to Get Search Results !

കൈക്കൂലിക്കാരുടെ സ്വന്തം നാടായി കേരളം ; നടപടി ആചാരം മാത്രം , പരാതികൾ സർക്കാരിലേക്ക് അയയ്ക്കുന്ന പോസ്റ്റ്ഓഫീസായി മാറി വിജിലൻസ്

Corruption kerala

വിവിധ സന്നദ്ധസംഘടനകളുടെ പഠനങ്ങളിൽ രാജ്യത്ത് അഴിമതിയിൽ കുറവും കൈക്കൂലിയിൽ ഒന്നാം സ്ഥാനവുമുള്ള സംസ്ഥാനമായി കേരളം. എന്തിനും ഏതിനും കൈക്കൂലി നൽകേണ്ട നാടായി മാറുകയാണ് കേരളം. ഇൻഷ്വറൻസ് തുകകിട്ടേണ്ട പശുവിന്റെ പോസ്റ്റുമോർട്ടത്തിനു മുതൽ വധശ്രമക്കേസ് ഒതുക്കിതീർക്കാൻ വരെ കോഴയായി കൈക്കൂലി വാങ്ങുന്നതായി ആയിരക്കണക്കിന് പരാതികൾ വിജിലൻസിന് ലഭിക്കുന്നു. എന്നാൽ വിജിലൻപിടിയിൽ കുടുങ്ങുന്നത് നാമമാത്രമായ ഉദ്യോഗസ്ഥർ.


റവന്യൂ, പൊലീസ്, തദ്ദേശം, വനം, ഭക്ഷ്യസുരക്ഷ , ലീഗൽ മെട്രോളജി ,എക്സൈസ് വകുപ്പുകളിലാണ് അഴിമതിയേറെയും. ഇടയ്ക്കിടെ അഴിമതിക്കാരായ കൈക്കൂലിക്കാരെ വിജിലൻസ് പിടികൂടുന്നുണ്ടെങ്കിലും അഴിമതി കുറയ്ക്കാനാവുന്നില്ല. കൈക്കൂലി വാങ്ങിയവർക്ക് നല്ലനടപ്പും സസ്പെൻഷനുമല്ലാതെ മറ്റൊന്നും സംഭവിക്കാത്തതാണ് കാരണം. മ​റ്റു കു​റ്റ കൃത്യങ്ങളെക്കാൾ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുന്ന ക്രിമിനൽ കു​റ്റമാണ് കൈക്കൂലി എന്ന തിരിച്ചറിവോടെ വിജിലൻസ് പ്രവർത്തിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ നിർദ്ദേശം. 

രാഷ്ട്രീയ-സാമൂഹിക-ഭരണതലങ്ങളെ അഴിമതി എങ്ങനെ ബാധിച്ചിരിക്കുന്നെന്ന് ജനങ്ങൾക്ക് തിരിച്ചറിവുണ്ടാക്കണമെന്നും അർഹമായ ആനുകൂല്യം സമയത്ത് നൽകാത്തതുപോലും അഴിമതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. പക്ഷേ, രാഷ്ട്രീയ പിൻബലം കിട്ടുന്നതാണ്  കൈക്കൂലിക്കാർക്ക് പലപ്പോഴും തുണയാവുന്നത്.

നിയമന അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ കേസും അന്വേഷണവും പാടില്ലെന്നാണ് ഇപ്പോൾ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ചട്ടത്തിൽ പറയുന്നത്. കൊടും അഴിമതിയുടെ വിവരം കിട്ടിയാലും കേസെടുക്കാൻ വിജിലൻസിന് സാധിക്കില്ല.പുതിയ ഭേദഗതിയനുസരിച്ച് ഭരണാധികാരികൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. മുഖ്യമന്ത്രിയുടെയോ ഗവർണറുടെയോ അനുമതിയില്ലാതെ വിജിലൻസിന് അനങ്ങാനാവില്ല. സർക്കാർ ഓഫീസുകളിലെ കൈക്കൂലി ചാടിവീണ് പിടികൂടാമെന്നല്ലാതെ കാര്യമായ മറ്റു പണിയൊന്നും ഇപ്പോൾ വിജിലൻസിനില്ല. പരാതികൾ സർക്കാരിലേക്ക് അയയ്ക്കുന്ന പോസ്റ്റ്ഓഫീസായി വിജിലൻസ് ആസ്ഥാനം മാറി. ഈ പരാതികളെല്ലാം സെക്രട്ടേറിയറ്റിലെ ചവറ്റുകൂനയിലൂടെ തീ തിന്ന് പുറം ലോകം കാണാതെയാകുന്നു.അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് വിദഗ്ദർ ചൂണ്ടി കാട്ടി.

നടപടിയെടുക്കാൻ അനുവദിക്കുന്നില്ല; കൈക്കൂലി മേലോട്ട് ,​ കേസുകൾ താഴോട്ട് 

തെളിവ് സഹിതം പിടിക്കപ്പെട്ട വിജിലൻസ് കേസുകൾ
2013-151 
2014-142 
2015-297 
2016-338 
2017-151 
2018-91
2019-76
2020-82

കൈക്കൂലി 7 വർഷംവരെ തടവു കിട്ടാവുന്ന കുറ്റം എന്നിരിക്കെ വെറും 2 % മാത്രമാണ് ശിക്ഷ കിട്ടിയവർ. ഉദ്യോഗസ്ഥ യൂണിയനുകൾ ശക്തമായതോടെ ഇത്തരം കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്ക് വേണ്ടി യൂണിയൻ ചിലവിൽ സമർത്ഥരായ വക്കീലൻമാർ ഹാജരാകുന്നതും തിരിച്ചടിയാകുന്നു. കേസ്സുകൾ നീണ്ടുപോകുന്നതിനാൽ പരാതിക്കാരെ യൂണിയൻ നേതാക്കൾ ഇടപെട്ട് രാഷ്ടീയക്കാരെ കൊണ്ട് ഭീഷണി പെടുത്തിയും , കാശ് നൽകിയും ഒത്ത് തീർപ്പാക്കുന്നതും തിരിച്ചടിയാകുന്നു. സസ്പെപെൻഷനും , പണിഷ്മെൻ്റ് ട്രാൻസ്ഫറും അപമാനമായും ,പ്രൊമോഷനെ ബാധിക്കുന്നതുമായ പഴയ കാലം മാറി ഇത്തരം ഉദ്യോഗസ്ഥർ  നടപടിയെടുത്തതിൻ്റെ സന്തോഷം സോഷ്യൽ മീഡിയകളിൽ പങ്കുവച്ചതും അടുത്ത കാലത്ത് ഏറെ ചർച്ചയായിരുന്നു. അഴിമതി ഇല്ല എന്നു പൊതു ജനത്തെ ബോധ്യപ്പെടുത്താൻ കൈക്കൂലികാർക്കെതിരെയുള്ള അന്വേഷണം തടയുമ്പോൾ വരുത്തി വയ്ക്കുന്നത് വലിയ വിപത്താണെന്ന് വിദഗ്ദർ പറയുന്നു.

കൈക്കുലിയിൽ മുന്നിൽ നിൽക്കുന്ന 10 വകുപ്പുകൾ

1.തദ്ദേശസ്വയംഭരണം
2.റവന്യൂ
3.പൊതുമരാമത്ത്
4.ആരോഗ്യം
5.ഗതാഗതം
6.പൊതുവിദ്യാഭ്യാസം
7.പൊലീസ്
8.ജലവിഭവം
9.ഭക്ഷ്യം, സിവിൽസപ്ലൈസ്
10.എക്സൈസ്
(വിജിലൻസ് 2017മാർച്ചിൽ പ്രസിദ്ധീകരിച്ച ആന്റി കറപ്ഷൻ ഇൻഡക്സിൽ നിന്ന്)