പാറശ്ശാലയിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റ്റി. അനികുമാറിൻ്റെ നേതൃത്വത്തിൽ കഞ്ചാവ് പിടികൂടി.എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊറിയർ സർവീസ് വഴി കടത്തി കൊണ്ട് വന്ന കഞ്ചാവാണ് പിടികൂടിയത്. വിതരണക്കാർക്ക് സ്കൂട്ടറിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ പാറശ്ശാല കറുകുറ്റിക്ക് സമീപത്തു വച്ചാണ് 13.5 കിലോ കഞ്ചാവുമായി നെയ്യാറ്റിൻകര വെള്ളറട സ്വദേശി അഭയനെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ജില്ലയിലെ കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണിയാണ് പിടിയിലായത്. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞു കൊണ്ട് ആന്ധ്രയിൽ നിന്നും കഞ്ചാവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊറിയർ സർവീസ് വഴി എത്തിച്ചു കൊടുക്കുന്ന വെള്ളറട സ്വദേശിയെ കുറിച്ച് എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.ആന്ധ്രയിൽ നിന്നും കഞ്ചാവ് മാറ്റാരുടെയെങ്കിലും മേൽവിലാസത്തിലേക്കു അവരുടെ അറിവില്ലാതെ കൊറിയറായി അയച്ച ശേഷം ആ മേൽവിലാസക്കാരന്റെ ആളാണെന്ന വ്യാജേന കൊറിയർ സർവീസുകാരെ സമീപിച്ചു കൊറിയർ കൈപ്പറ്റുകയെന്ന പുതിയ മാർഗമാണ് ഈ സംഘം അവലംബിച്ചിരിക്കുന്നത്.
അന്വേഷണ സംഘത്തിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനികുമാറിനെ കൂടാതെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ആർ. മുകേഷ്കുമാർ, എസ്. മധുസൂദനൻ നായർ, പ്രിവെന്റീവ് ഓഫീസർമാരായ അനിൽകുമാർ, മണികണ്ഠൻ നായർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻ, വിശാഖ്, സുബിൻ, ബിജു, ഷാഹീൻ, എക്‌സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവരും പങ്കെടുത്തു.