ഇടുക്കി രാജാക്കാട് മേഖലയില്‍ മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നുവെന്ന ആരോപണവുമായി നാട്ടുകാര്‍. കഴിഞ്ഞ കുറെ മാസങ്ങളായി സ്‌കൂള്‍, കോളേജുകള്‍,ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതെന്നാണ് പരാതി. കഞ്ചാവു കൂടാതെ കൂടുതല്‍ ലഹരി ലഭിക്കുന്ന മറ്റു മയക്കുമരുന്നുകളും ഉപയോഗിക്കുന്നതോടൊപ്പം മദ്യവും ഉപയോഗിക്കുമ്പോള്‍ അക്രമവാസന കൂടുന്നതായാണ് നാട്ടുകാരുടെ ആരോപണം.
വടിവാള്‍, നഞ്ചക്ക്, കഠാര പോലുള്ള ആയുധങ്ങളുമായാണ് ഇവര്‍ നടക്കുന്നതെന്നത്. ഇവര്‍ക്കെതിരെ ശബ്ദിക്കുന്നവരെ ഉപദ്രവിക്കുന്നത് പതിവാണ്. ഒരു മാസം മുമ്പ് മമ്മട്ടിക്കാനം മുസ്ലീം പള്ളിക്ക് സമീപം വച്ച് ലോറി ഡ്രൈവറെ അക്രമിക്കുകയും ബിയര്‍ കുപ്പിക്ക് അടിച്ച് തലയ്ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു. ലോറിക്ക് പിന്നില്‍ ബൈക്കിലെത്തിയ അക്രമി സംഘം കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വളഞ്ഞു പിടിച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. അക്രമി സംഘത്തിന്റെ കൂടെ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ച രാജാക്കാട് ബാറിന് മുമ്പിലുള്ള റോഡിലൂടെ കടന്നുപോയ സമീപവാസിയെ മയക്കുമരുന്നു മാഫിയ സംഘം മര്‍ദ്ദിച്ചു. പലരും ഇവരെ ഭയപ്പെട്ട് പൊലീസില്‍ പരാതി നല്‍കാന്‍ പോലും തയ്യാറാകുന്നില്ല. ബാറിന് മുന്‍പില്‍ അക്രമം നടത്തിയവരാണ് പിറ്റേന്ന് ബീവറേജിന് സമീപം റോഡില്‍ മാര്‍ഗ്ഗ തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്ത ലോറി ഡ്രൈവറെ പിന്നാലെ ബൈക്കിലെത്തി വാക്കാസിറ്റിയില്‍ വച്ച് ലോറിയില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചത്. ആക്രമണം നടക്കുന്ന പല സ്ഥലങ്ങളിലും നാട്ടുകാരാണ് രക്ഷക്കെത്തുന്നത്. പൊലീസ് വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്തുന്നില്ലെന്നുമുള്ള വലിയ ആക്ഷേപവും ഉയരുന്നുണ്ട്.
മാഫിയ സംഘങ്ങളിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ കച്ചവടം തുടങ്ങുന്നവരെ മാസപ്പടി നൽകുന്നവർക്ക് വേണ്ടി പിടിക്കുന്നതല്ലാതെ കാര്യമായി സംസ്ഥാനത്ത് ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ല എന്ന് പൊതുവെ ആക്ഷേപമുണ്ട്.
ലഹരിമാഫിയയെ നിയന്ത്രിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥരും ഫലപ്രദമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒരു മുന്‍ പൊലീസുദ്യോഗസ്ഥന്റെ പുത്രനാണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നതെന്നും ആരോപണമുണ്ട്. മയക്കുമരുന്നു കേസുകളെ പറ്റി അറിയിച്ചാല്‍ 30 കിലോമീറ്റര്‍ അകലെയുള്ള നെടുങ്കണ്ടം സര്‍ക്കിള്‍ ഓഫീസില്‍ നിന്നും ഇവിടെ എത്തിപ്പെടാന്‍ ഒരു മണിക്കൂറില്‍ അധികം സമയമെടുക്കുന്നതും മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. രാജാക്കാട് കേന്ദ്രമായി എക്‌സൈസ് ഓഫീസ് അനുവദിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ പരിഹാരമായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.