Type Here to Get Search Results !

ദൂരദർശനിലും എൻ‌ഡി‌ടി‌വിയിലും സേവനമനുഷ്ഠിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ (67) അന്തരിച്ചു

Honor dhua

മാധ്യമപ്രവർത്തകൻ വിനോദ് ദുവ (67) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് വിനോദ് ദുവ ദീർഘനാളായി ശാരീരിക വിഷമതകൾ അനുഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത മകൾ മല്ലിക ദുവ സോഷ്യൽ മീഡിയ പോസ്റ്റിൽ സ്ഥിരീകരിച്ചു.


കഴിഞ്ഞയാഴ്ച ഡോക്ടർമാരുടെ നിർദേശപ്രകാരം ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. “ഞങ്ങളുടെ ആദരണീയനും നിർഭയനും അസാധാരണനുമായ പിതാവ് വിനോദ് ദുവ അന്തരിച്ചു,” നടിയായ മല്ലിക ദുവ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു, ശവസംസ്കാരം നാളെ ഉച്ചയ്ക്ക് തലസ്ഥാനത്തെ ലോധി ശ്മശാനത്തിൽ നടക്കുമെന്ന് കൂട്ടിച്ചേർത്തു.

ദൂരദർശനിലും എൻ‌ഡി‌ടി‌വിയിലും സേവനമനുഷ്ഠിച്ച ദുവ ഹിന്ദി പത്രപ്രവർത്തനത്തിലെ മുൻഗാമികളിൽ ഒരാളായിരുന്നു. അടുത്തിടെ, ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ദി വയർ, എച്ച്‌ഡബ്ല്യു ന്യൂസ് എന്നിവയ്‌ക്കായുള്ള വെബ് ഷോകളിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വിമർശനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിനോദ് ദുവയ്‌ക്കെതിരെ കഴിഞ്ഞ വർഷം രാജ്യദ്രോഹത്തിന് രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആർ സുപ്രീം കോടതി ജൂണിൽ റദ്ദാക്കിയിരുന്നു. ഹിമാചൽ പ്രദേശിലെ പ്രാദേശിക ബി.ജെ.പി നേതാവാണ് വിനോദ് ദുവയുടെ യൂട്യൂബ് പരിപാടിക്കെതിരെ എഫ്‌.ഐ.ആർ സമർപ്പിച്ചത്. തിരഞ്ഞെടുപ്പിൽ വോട്ടുകൾ ലഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മരണങ്ങളെയും ഭീകരാക്രമണങ്ങളെയും ഉപയോഗിച്ചുവെന്ന് വിനോദ് ദുവ തന്റെ യൂട്യൂബ് പരിപാടിയിൽ ആരോപിച്ചു എന്നായിരുന്നു ബി.ജെ.പി നേതാവ് കഴിഞ്ഞ വർഷം മെയ് ആറിന് ഷിംല ജില്ലയിലെ കുമാർസെയ്ൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനം കുറ്റകരമല്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്.

ഈ വർഷമാദ്യം രണ്ടാം തരംഗത്തിനിടെ കോവിഡ് ബാധിച്ചതിനെ തുടർന്ന് വിനോദ് ദുവയെ റേഡിയോളജിസ്റ്റും ഭാര്യയുമായ പദ്മാവതി ദുവയ്‌ക്കൊപ്പം ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പദ്മാവതി ദുവ ജൂണിൽ അന്തരിച്ചു, അന്നുമുതൽ വിനോദ് ദുവയെ രോഗങ്ങൾ അലട്ടിയിരുന്നു.