കോളജിന് എയ്ഡഡ് പദവി അനുവദിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സിപിഐ നേതാക്കള്‍ 86 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി കോഴിക്കോട് കുന്ദമംഗലം സ്വദേശി കെ.പി.ശ്രീധരന്‍. സിപിഐ ഉടുമ്പുഞ്ചോല മണ്ഡലം നേതാവ് കെ.കെ.സജികുമാര്‍, ജോയി വര്‍ഗീസ്, ഇടുക്കിയിലെ സിപിഐ നേതാക്കളായ സി.കെ.കൃഷ്ണന്‍കുട്ടി, വി.കെ.ധനപാലന്‍, കോട്ടയം റോയി എന്നിവർക്കെതിരെയാണ് പരാതി.
ശ്രീധരന്റെ ഉടമസ്ഥതയിലുള്ള ടിഎംഎസ് കോളജ് ഓഫ് മാനേജ്മെന്റിന് എയ്‌ഡഡ് പദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സജികുമാറും സംഘവും പലതവണയായി 86,17,000 രൂപ തട്ടിയെടുത്തത് എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ശ്രീധരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു.
ഗുരുവായൂരില്‍ വച്ചാണ് സജികുമാറിനെ പരിചയപ്പെടുന്നത്. 2013 സെപ്റ്റംബറില്‍ കുന്ദമംഗലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍വച്ച് 10 ലക്ഷം രൂപ വാങ്ങി. 2016 ഫെബ്രുവരി 28ന് സജികുമാറും ജോയി വര്‍ഗീസും ചേര്‍ന്ന് വീണ്ടും 20 ലക്ഷം വാങ്ങി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ അംഗമാക്കാമെന്ന് പറഞ്ഞ് പിന്നീട് 20 ലക്ഷം കൂടി വാങ്ങി. ഇതിനു പുറമെ പല തവണയായി 6,17,000 രൂപ സജികുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കും നല്‍കി. എന്നാല്‍ ഇടപാട് നടത്തിയത് മറ്റൊരാളാണെന്നും സജികുമാറിൻ്റെ പേരിലാക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ജാതീയമായുള്ള വിഭാഗീയത കാരണമാണെന്നും പ്രവർത്തകർ പറയുന്നു.