Type Here to Get Search Results !

കേരള പോലീസിൻ്റെ കൃത്യവിലോപം , പിഴവുകൾ കോടതിയും ജനങ്ങളും വിമർശനം അറിച്ച സാഹചര്യത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി അനില്‍കാന്ത്

DGP kerala

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ഡി.ജി.പി അനില്‍കാന്ത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക. എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. പൊലീസിനെതിരെ തുടര്‍ച്ചയായി കോടതിയിൽ നിന്ന് ഉൾപ്പെടെ വിമർശനങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് യോഗം.


ഓരോ കേസിലും ഏത് രീതിയില്‍ ഇടപെടണമെന്ന വിശദമായ മാര്‍ഗ നിർദ്ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ മോൻസൺ മാവുങ്കൽ കേസ്, ആലുവയിലെ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യക്കേസ് തുടങ്ങിയവയില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതര വീഴ്ചകള്‍ വലിയ വിമർശനങ്ങൾക്ക്‌ ഇടയാക്കിയിരുന്നു. ഇത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായി പൊതുവെ വിലയിരുത്തപ്പെടുന്നുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ അദാലത്തില്‍ ഡി.ജി.പി പങ്കെടുത്തിരുന്നു. അതിലെല്ലാം പല പരാതികളും ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം വിളിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഡി.ജി.പി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം പൊലീസ് ആസ്ഥാനത്ത് വിളിച്ചിരിക്കുന്നത്. നേരത്തെ, കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി യോഗങ്ങള്‍ ചേർന്നിരുന്നു. സ്ത്രീ സുരക്ഷ, പോസ്‌കോ കേസുകള്‍ എന്നീ വിഷയങ്ങളും യോഗത്തിൽ ചര്‍ച്ചയാകുമെന്ന് കരുതുന്നു.