കോട്ടയത്ത് പ്രത്യേക സംരക്ഷിത വിഭാഗത്തില്‍ പെടുന്ന വന ജീവിയായ ഉടുമ്പിനെ പിടികൂടി പാകം ചെയ്ത് ഭക്ഷണമാക്കുന്നെന്ന് രഹസ്യ വിവരം കിട്ടിയതിന് തുടര്‍ന്ന് അന്വേഷിച്ച് ചെന്നതാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. എന്നാല്‍ പ്രതിയെ കണ്ടു അമ്പരന്ന് ഉദ്യോഗസ്ഥര്‍. പ്രതി ഒറ്റ മുറി വീട്ടില്‍ ദയനീയമായ അവസ്ഥയില്‍ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബത്തിലെ അംഗമാണ് .
കഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം. എരുമേലിയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വനം വകുപ്പിലെ ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് അന്വേഷണത്തിന് എത്തിയത്.
കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ട് തളര്‍ന്ന് കിടക്കുന്നയാളും പ്രായാധിക്യവും രോഗങ്ങളുമായി കഴിയുന്ന വയോധികരും വീട്ടമ്മയും ഉള്‍പ്പെടെ ഒറ്റ മുറി മാത്രമുള്ള വീട്ടില്‍ കഴിയുന്ന കുടുംബമാണ് ഉടുമ്പിനെ ഭക്ഷണമാക്കാന്‍ ശ്രമിച്ചത്.
വാഹനമിടിച്ച് വഴിയില്‍ ചത്തു കിടന്ന ഉടുമ്പിനെയാണ് ഭക്ഷണത്തിനായി പാകം ചെയ്തതെന്ന് വീട്ടമ്മ പറഞ്ഞു. നിയമ പ്രകാരം ഇത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നെന്നും ഭക്ഷണമാക്കാന്‍ അടുപ്പില്‍ വെയ്ക്കുമ്പോഴായിരുന്നു വനപാലകരുടെ വരവെന്നും വീട്ടമ്മ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി മാപ്പും പറഞ്ഞു . അയൽവാസിയായ ആളാണ് ഉടുമ്പ് ചത്തു കിടക്കുന്ന വിവരം ഇവരെ അറിയിച്ചതെന്ന് ഇവർ പറയുന്നു.എന്നാൽ അയൽവാസി ഇതു നിക്ഷേധിച്ചു.
ഉടുമ്പിനെ ഓടിച്ച് തനിയെ പിടികൂടാനുള്ള ആരോഗ്യശേഷി ആറംഗ കുടുംബത്തിൽ ആർക്കും തന്നെയില്ലയെന്നത് വാസ്തവമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ യഥാര്‍ത്ഥ വിവരങ്ങള്‍ റിപ്പോര്‍ട്ട് ആയി നല്‍കി കേസെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥൻ നിര്‍ദേശം നൽകുകയായിരുന്നു.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കുടുംബത്തിൽ അൽപമെങ്കിലും ആരോഗ്യ ശേഷിയുള്ള വീട്ടമ്മയെ പ്രതിയാക്കി കേസെടുത്തു. കേസെടുക്കേണ്ടി വന്നെങ്കിലും കുടുംബത്തിന്റെ ദയനീയ സ്ഥിതിയും നിരപരാധിത്വവും വിവരിച്ച് റിപ്പോര്‍ട്ട് വീട്ടിലെത്തിയ ഉദ്യോഗസ്ഥൻ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നൽകിയിട്ടുണ്ട്. ഉടുമ്പിനെ പിടിച്ചിട്ടില്ലെങ്കിലും കറിവെയ്ക്കാൻ ശ്രമിച്ചത് കുറ്റകരമാണ് ഇതിന് തെളിവുണ്ടെന്നത് കോടതിയിൽ ശിക്ഷ ലഭിക്കാൻ കാരണമായേക്കും. പട്ടിണി നിറഞ്ഞ ജീവിത സാഹചര്യമാണ് ഉടുമ്പിനെ ഭക്ഷണമാക്കാന്‍ ശ്രമിച്ചതിന് പിന്നിലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ വിമർശനങ്ങൾ ഉയർന്നു. മുട്ടിൽ വനംകൊള്ള ഉദ്യോഗസ്ഥർ അറിഞ്ഞല്ലേ നടന്നത്, ഉത്തരവാദിത്വം ഏറ്റെടുത്ത് സസ്പെൻഷിൽ പോയ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് പ്രൊമോഷൻ നൽകിയതും തട്ടിപ്പു പുറത്തിറയിച്ച ഉദ്യോഗസ്ഥനെ പന്ത് തട്ടുന്ന പോലെ ട്രാൻസ്ഫർ ചെയ്യന്നതുമാണ് വിമർശനമായി ചിലർ ചൂണ്ടിക്കാണിച്ചത്.
വനംകൊള്ളയുടെ ദൃക്സാക്ഷിയെ CCTV മോഷ്ടിച്ചു എന്നാരോപിച്ച് പിടിച്ചു കൊണ്ട് പോയി കൊന്ന് കിണറ്റിലിട്ടെന്നും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ തന്നെയാണ് വെടിയിറച്ചി റിസോട്ടുകളിൽ എത്തുന്നതെന്നും ചിലർ പറയുന്നു. രക്ഷിക്കാനെന്ന പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വച്ച ഒരുവന്യ ജീവിയും രക്ഷപ്പെട്ടിട്ടില്ലയെന്നും ഇവയുടെ കൊമ്പും തൊലിയും കടത്തുന്നതും വിൽക്കുന്നതും ഇവർ തന്നെയാണെന്നും മറ്റുചിലർ ആരോപിക്കുന്നു.